'അവാർഡ് നിർണയത്തിൽ ഇടപെടലില്ല, തെളിവുണ്ടെങ്കിൽ ഹാജരാക്കട്ടെ': രഞ്ജിത്തിനെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ
അവാർഡുകൾ നൽകിയത് അർഹതപ്പെട്ടവർക്കെന്ന് സജി ചെറിയാൻ
തിരുവനന്തപുരം: ചലച്ചിത്ര അവാർഡ് നിർണയ വിവാദത്തിൽ അക്കാദമി ചെയർമാൻ രഞ്ജിത്തിനെ പിന്തുണച്ച് മന്ത്രി സജി ചെറിയാൻ. അവാർഡ് നിർണയ സമിതിയാണ് ജേതാക്കളെ കണ്ടെത്തിയത്. രഞ്ജിത്തിന് ഇതിൽ റോൾ ഉണ്ടായിരുന്നില്ല. അവാർഡുകൾ നൽകിയത് അർഹതപ്പെട്ടവർക്കെന്ന് സജി ചെറിയാൻ പറഞ്ഞു.
'അവാർഡിനൊരു നടപടി ക്രമങ്ങളുണ്ട്, അതിലൂടെയാണ് ജൂറി പോകുന്നത്. ഒരിക്കലും ഇടപെടാൻ പറ്റില്ല. കേരളം കണ്ട ചലച്ചിത്ര രംഗത്തെ ഇതിഹാസമാണ് രഞ്ജിത്ത്. അദ്ദേഹം ചെയർമാനായ അക്കാദമി വളരെ ഭംഗിയായാണ് നടക്കുന്നത്. സാംസ്‌കാരിക വകുപ്പിന് അഭിമാനത്തോടെ നോക്കാൻ കഴിയുന്ന പ്രവർത്തനമാണ് അദ്ദേഹത്തിൽ നിന്നും ഉണ്ടായതെന്നും സജി ചെറിയാൻ വ്യക്തമാക്കി.
ചെയർമാൻ സ്ഥാനത്തു നിന്ന് രഞ്ജിത്തിനെ മാറ്റണമെന്ന് സംവിധായകൻ വിനയൻ സർക്കാറിനോട് ആവശ്യപ്പെടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അല്ലാത്തപക്ഷം കോടതിയെ സമീപിക്കാനാണ് നീക്കം. ജൂറി അംഗത്തിന്റെ ശബ്ദ രേഖ അടക്കം കോടതിയിൽ ഹാജരാക്കാനും ആലോചനയുണ്ട്. തന്റെ ചിത്രത്തെ അവാർഡ് നിർണയത്തിൽ നിന്ന് രഞ്ജിത്ത് വെട്ടിയെന്ന് വിനയൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പിന്നാലെ തെളിവ് പുറത്തുവിട്ടു.
'പത്തൊമ്പതാം നൂറ്റാണ്ടി'നെ ചവറു പടമെന്ന് പറഞ്ഞ് ഒഴിവാക്കാൻ ജൂറി അംഗങ്ങളോട് ആവശ്യപ്പെട്ടു. അവാർഡ് നിർണയത്തിൽ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് മുതിർന്ന ജൂറി അംഗം സാംസ്കാരിക വകുപ്പിനെയും ചലച്ചിത്ര അക്കാദമി സെക്രട്ടറിയെയും അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല എന്നിങ്ങനെയായിരുന്നു വിനയന്റെ ആരോപണം. ഇതിനെ സാധൂകരിക്കുന്ന ഓഡിയോ റെക്കോർഡ് ആണ് സംവിധായകൻ പുറത്തുവിട്ടത്.
ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നിർണ്ണയിക്കുന്ന പാനലിലെ പ്രധാന ജൂറി മെമ്പറും പ്രാഥമിക ജൂറിയുടെ ചെയർമാനുമായിരുന്ന നേമം പുഷ്പരാജിൻെറ ശബ്ദമാണ് ഓഡിയോയിലുള്ളതെന്ന് വിനയൻ പറയുന്നു.