'മന്ത്രി ശിവൻകുട്ടി രാജി വെക്കണം'; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു, പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു
രാജി ആവശ്യം തള്ളിയ മുഖ്യമന്ത്രി,അംഗങ്ങളുടെ അവകാശ സംരക്ഷണത്തിനാണ് കോടതിയെ സമീപിച്ചത് എന്ന് വ്യക്തമാക്കി.
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. മന്ത്രിയെ സംരക്ഷിക്കാൻ മുഖ്യമന്ത്രി സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്യുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി. രാജി ആവശ്യം തള്ളിയ മുഖ്യമന്ത്രി,അംഗങ്ങളുടെ അവകാശ സംരക്ഷണത്തിനാണ് കോടതിയെ സമീപിച്ചത് എന്ന് വ്യക്തമാക്കി.
നിയമസഭാ കയ്യാങ്കളി കേസിൽ വിചാരണ നേരിടാൻ ഒരുങ്ങുന്ന വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി രാജിവെക്കണമെന്നാണ് അടിയന്തിര പ്രമേയ നോട്ടീസിലൂടെ പ്രതിപക്ഷം ആവശ്യപ്പെട്ടത്. മന്ത്രിയെ പുറത്താക്കാനുള്ള ആർജ്ജവം. കാട്ടണമെന്നും, ഇല്ലെങ്കിൽ മുഖ്യമന്ത്രി കുറ്റക്കാരനാണെന്ന് ചരിത്രം വിധിക്കുമെന്നും പി.ടി തോമസ് കുറ്റപ്പെടുത്തി. എന്നാൽ കോടികൾ നഷ്ടം വരുത്തിയ പാമോലിൻ അടക്കം പിൻവലിക്കാൻ ശ്രമിച്ചവരാണ് പ്രതിപക്ഷമെന്നും, സഭയിലെ പ്രശ്നങ്ങൾ സഭയിൽ തന്നെ തീർക്കണമെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു .ശിവൻകുട്ടി രാജിവെക്കണമെന്നാവശ്യവും മുഖ്യമന്ത്രി തളളിക്കളഞ്ഞു.
സുപ്രീം കോടതി തള്ളിയ കേസ് മുഖ്യമന്ത്രി സഭയിൽ ന്യായീകരിച്ചത് നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് സഭയില്‍ പറഞ്ഞു. കെ.എം മാണിയെ അപമാനിച്ച എൽ.ഡി.എഫ് മന്ത്രിസഭയിൽ ഇരിക്കാൻ കേരള കോൺഗ്രസിന് നാണമുണ്ടോയെന്നും വി.ഡി സതീശൻ ചോദിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ സഭയിൽ ഇരുന്ന് മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം പിന്നീട് സഭ നടപടികൾ ബഹിഷ്കരിച്ചു.