ചില ക്ലാസിൽ 60 കുട്ടികളൊക്കെ ആയിപ്പോകും; കേരളത്തിൽ നടപ്പുള്ള കാര്യമാണത്-മന്ത്രി വി. ശിവൻകുട്ടി
'കുട്ടികൾക്ക് പഠനം ഉറപ്പാക്കുക എന്നല്ലാതെ 25 ആളെ വച്ചൊക്കെ ഒരു ക്ലാസിൽ പഠിപ്പിക്കുക എന്നത് ഇന്നത്തെ സാഹചര്യത്തിൽ എളുപ്പമല്ല.'
തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ചില ക്ലാസിൽ 60 കുട്ടികളൊക്കെ ഉണ്ടാകാറുണ്ടെന്നും അത് കേരളത്തിൽ നടപ്പിലുള്ള കാര്യമാണെന്നും മന്ത്രി പറഞ്ഞു. മലബാറിൽ ഒരേ ക്ലാസിൽ 60ലധികം കുട്ടികൾ ഇരിക്കേണ്ട സ്ഥിതിയുണ്ടെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ചില ക്ലാസിലൊക്കെ 50-60 കുട്ടികളൊക്കെ ആയിപ്പോകും. അതൊക്കെ നമ്മുടെ കേരളത്തിൽ നടപ്പുള്ള കാര്യം തന്നെയാണ്. അതിൽ ഒരു പ്രായോഗികബുദ്ധിമുട്ടും ഇതുവരെയുണ്ടായിട്ടില്ല. കുട്ടികൾക്ക് പഠനം ഉറപ്പാക്കുക എന്നല്ലാതെ 25 ആളെ വച്ചൊക്കെ ഒരു ക്ലാസിൽ പഠിപ്പിക്കുക എന്നത് ഇന്നത്തെ സാഹചര്യത്തിൽ എളുപ്പമല്ല. ചോദിക്കാനും പറയാനും പത്രത്തിൽ വരാനുമൊക്കെ എളുപ്പമാണ്.'-മന്ത്രി ചൂണ്ടിക്കാട്ടി.
നമുക്ക് ഇന്നത്തെ സാഹചര്യം വച്ച് മുന്നോട്ടുപോകണം. കുട്ടികൾക്ക് എല്ലാവർക്കും പഠനത്തിനുള്ള സംവിധാനമുണ്ടാക്കണം. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ സർക്കാർ ആ സമയത്ത് ഇടപെട്ട് അതിനു പരിഹാരം കാണും. പ്ലസ് വണിന് അപേക്ഷിക്കുന്ന കുട്ടികൾക്ക് പരമാവധി സീറ്റ് ലഭ്യമാക്കാൻ മുൻകാലങ്ങളെപ്പോലെ സർക്കാർ തയാറായിരിക്കും. അതിന്റെ നടപടിക്രമങ്ങൾ നേരത്തെ തന്നെ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി ശിവൻകുട്ടി കൂട്ടിച്ചേർത്തു.
Summary: 'There are some classes with 50-60 students, that is the current situation in Kerala'; Kerala education minister V. Sivankutty responds to the Malabar Plus One seat shortage crisis