പുതുപ്പള്ളിയിൽ നടക്കുന്നത് രാഷ്ട്രീയ പോരാട്ടം; വ്യക്തിപരമായ അധിക്ഷേപം ഇടത് പ്രചാരണത്തിലുണ്ടാകില്ല: വി.എൻ വാസവൻ
പുതുപ്പള്ളി സി.പി.എമ്മിന് രാഷ്ട്രീയ അടിത്തറയുള്ള മണ്ഡലമാണെന്നും വികസന രാഷ്ട്രീയമാണ് ചർച്ചയാവുകയെന്നും വാസവൻ പറഞ്ഞു.
കോട്ടയം: പുതുപ്പള്ളിയിൽ രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നതെന്ന് മന്ത്രി വി.എൻ വാസവൻ. വ്യക്തിപരമായ അധിക്ഷേപം ഇടത് പ്രചാരണത്തിലുണ്ടാകില്ല. പുതുപ്പള്ളി സി.പി.എമ്മിന് അടിത്തറയുള്ള മണ്ഡലമാണ്. വികസന രാഷ്ട്രീയമാണ് മണ്ഡലത്തിൽ ചർച്ചയാവുകയെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ പുതുപ്പള്ളിയിൽ ഇടതു വലതു മുന്നണി സ്ഥാനാർഥികൾ പ്രചാരണം സജീവമാക്കി. പുതുപ്പള്ളി പള്ളി സന്ദർശിച്ച ശേഷം ചാണ്ടി ഉമ്മൻ അകലകുന്നം, മീനടം, പുതുപ്പള്ളി പഞ്ചായത്തുകളിൽ ഭവന സന്ദർശനം നടത്തും. എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസിന്റ വാഹന പര്യടനം ഇന്നും തുടരും. മണ്ഡലത്തിലെ പ്രധാന വ്യക്തികളെയും കാണും. ഞായറാഴ്ച ആയതിനാൽ പളളികൾക്ക് പുറത്ത് വോട്ടർമാരെ കാണുന്നതിനും സ്ഥാനാർഥികൾ ശ്രമിക്കും. വാർഡ് തല യോഗങ്ങളിലും സ്ഥാനാർഥികൾ പങ്കെടുക്കും. ബി.ജെ.പി നേതാക്കളും ഇന്ന് വിവിധ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കും. ഉമ്മൻ ചാണ്ടിയുടെ കല്ലറയിലേക്ക് കോൺഗ്രസ് കോട്ടയം ഈസ്റ്റ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്മൃതി യാത്രയും ഇന്ന് നടക്കും