''ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളിൽ നിയമസംരക്ഷണം പോലും ലഭിക്കുന്നില്ല''; കേന്ദ്രത്തെ തള്ളി ലത്തീൻ സഭ

''കേന്ദ്രം മറ്റാരോപണങ്ങൾ ഉന്നയിച്ച് വിഷയത്തിൽ നിന്ന് ശ്രദ്ധതിരിച്ച് വിടാനാണ് ശ്രമിക്കുന്നത്''

Update: 2022-08-17 03:57 GMT
Advertising

തിരുവനന്തപുരം:ക്രൈസ്തവർക്കെതിരായ ആക്രമണ വാർത്തകൾ കെട്ടിചമച്ചതെന്ന കേന്ദ്രവാദത്തിനെതിരെ ലത്തീൻസഭ തിരുവനന്തപുരം വികാരി ജനറൽ യൂജിൻ പെരേര. രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ വലിയ ആക്രമണങ്ങളാണ് നടക്കുന്നത്. അടിയന്തരമായി ഇടപടേണ്ട സാഹചര്യങ്ങളിൽ പോലും കേന്ദ്ര സർക്കാർ ഇടപെടുന്നില്ല. പലപ്പോഴും നിയമസംരക്ഷണം പോലും ലഭിക്കാത്ത രീതിയിലാണ് പൊലീസിന്റെ ഇടപെടൽ എന്ന് യൂജിൻ പെരേര മീഡിയവണിനോട് പറഞ്ഞു.

ആക്രമണങ്ങളെ കുറിച്ച് ന്യൂനപക്ഷ വകുപ്പ് മന്ത്രിമാരെ വിവരം അറിയിച്ചിരുന്നു. എന്നാൽ കേന്ദ്രം മറ്റാരോപണങ്ങൾ ഉന്നയിച്ച് വിഷയത്തിൽ നിന്ന് ശ്രദ്ധതിരിച്ച് വിടാനാണ് ശ്രമിക്കുന്നത്. ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന പ്രകാരമുള്ള സംരക്ഷണം ഉറപ്പുവരുത്തണമെന്ന് യുജിൻ പെരേര ആവശ്യപ്പെട്ടു.

രാജ്യത്ത് ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഇല്ലെന്ന അവകാശവാദമാണ് കേന്ദ്രം ഇന്നലെ സുപ്രീംകോടതിയിൽ ഉന്നയിച്ചത്. ക്രിസ്ത്യൻ സംഘടനകളും ചില വ്യക്തികളും സമർപ്പിച്ച പൊതുതാൽപര്യ ഹരജിക്ക് നൽകിയ മറുപടിയിലാണ് കേന്ദ്രത്തിന്റെ അവകാശവാദം. ഹരജിക്ക് പിന്നിൽ ഒളിയജണ്ട ഉണ്ടെന്നായിരുന്നു കേന്ദ്രത്തിന്റെ ആരോപണം.

ഇത്തരക്കാർക്ക് രാജ്യത്തുടനീളം അശാന്തി സൃഷ്ടിക്കുന്നതിനും രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ രാജ്യത്തിന് പുറത്തുനിന്ന് സഹായം നേടാനുമായി ചില ഒളിയജണ്ടകൾ ഉണ്ടെന്ന് തോന്നുന്നു'- കേന്ദ്ര ആഭ്യന്തര മന്ത്രാലയം സത്യവാങ്മൂലത്തിൽ പറയുന്നു. അതേസമയം, വിശദമായ പ്രതികരണം അറിയിക്കാൻ ഇരു വിഭാഗത്തിനും കോടതി ഒരാഴ്ച സമയം അനുവദിച്ചു. ഹരജി വാദം കേൾക്കാനായി ഈ മാസം 25ലേക്ക് മാറ്റി.

സത്യവാങ്മൂലം പ്രാഥമിക പ്രതികരണം മാത്രമാണെന്നും ഹരജിക്കുള്ള വിശദമായ മറുപടിയല്ലെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ജസ്റ്റിസുമാരായ ധനഞ്ജയ വൈ ചന്ദ്രചൂഡ്, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചിരുന്നു. ഹരജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസും മറുപടി നൽകാൻ കൂടുതൽ സമയം തേടി. ഇതു രണ്ടും പരിഗണിച്ചാണ് ഒരാഴ്ച സമയം അനുവദിച്ചത്.

കേവലം അനുമാനങ്ങളെ അടിസ്ഥാനമാക്കിയാണ് സംഘടനകളുടെ ഹരജിയെന്നും അതൊരു പ്രത്യേക ലക്ഷ്യത്തിന് വേണ്ടിയുള്ളതാണെന്ന് തോന്നുന്നതായും കേന്ദ്രം പറയുന്നു. ഇത്തരം ആരോപണങ്ങൾ ചില സംഘടനകളുടെ സമീപകാല പ്രവണതയാണെന്നും ഒടുവിൽ അതൊരു റിട്ട് ഹരജിയായോ പൊതുതാൽപ്പര്യ ഹരജിയായോ മാറുന്നുവെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ പറയുന്നു.

എന്നാൽ, 2021ൽ മാത്രം രാജ്യത്തുടനീളം ക്രിസ്ത്യാനികൾക്കെതിരെ 500 ലേറെ ആക്രമണങ്ങൾ നടന്നിട്ടുണ്ടെന്നും ഇതിൽ ആൾക്കൂട്ട കൊലപാതകങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും തടയാനായി 2018ൽ സുപ്രീംകോടതി പുറപ്പെടുവിച്ചതിന് സമാനമായ മാർഗനിർദേശങ്ങൾ വേണമെന്നും ഹരജിക്കാർക്ക് വേണ്ടി ഹാജരായ ഗോൺസാൽവ്‌സ് പറഞ്ഞു.

ആർച്ച്ബിഷപ്പ് പീറ്റർ മെക്കാഡോയും നാഷനൽ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യ എന്നീ സംഘടനകളും ആക്രമണങ്ങൾ സംബന്ധിച്ച വാർത്തകളെയും വിവിധ സംഘടനകളുടെ സ്വതന്ത്ര കണ്ടെത്തലുകളേയും അടിസ്ഥാനമാക്കിയാണ് ഹരജി സമർപ്പിച്ചത്. ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും പ്രാർഥനകൾക്ക് പൊലീസ് സംരക്ഷണം വേണമെന്നും പള്ളികൾക്ക് സംഭവിച്ച നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം വേണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News