കൊല്ലത്ത് പെൺകുട്ടിയെ കാണാതായ സംഭവം; സിസിടിവി ദൃശ്യങ്ങൾ മീഡിയവണിന്
റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്
കൊല്ലം: കൊല്ലത്ത് നിന്ന് കാണാതായ പെൺകുട്ടി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന ദൃശ്യങ്ങൾ മീഡിയവണിന്. 18ാം തീയതി രാവിലെ പത്തരയോടെ കരുനാഗപ്പള്ളി ജംഗ്ഷനിലൂടെയാണ് പോയത്. ആലപ്പാട് നിന്ന് കാണാതായ ഐശ്വര്യയ്ക്ക് വേണ്ടി അന്വേഷണം തുടരുന്നതായി കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു.
നവംബർ 18 മുതൽ യുവതിയെ കാണാനില്ലെന്ന് കാട്ടി മാതാവ് കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നു. ഓൺലൈൻ ഗെയിം കളിക്കുകയാണോ എന്ന് ചോദിച്ച് മകളെ തലേദിവസം വഴക്കു പറഞ്ഞിരുന്നതായി അമ്മ ഷീജ പറഞ്ഞു.
18ാം തീയതി രാവിലെ 10 മണി വരെ യുവതി വീട്ടിലുണ്ടായിരുന്നുവെന്നാണ് വിവരം. പത്ത് മണിക്ക് മാതാവ് ജോലിക്ക് പോയതിന് പിന്നാലെ 10.30ഓടെ വീട്ടിലേക്ക് വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് അയൽവാസികളെ വിളിച്ചെങ്കിലും വീട്ടിൽ ആരുമില്ല എന്ന മറുപടിയാണുണ്ടായത്. തുടർന്ന് ബന്ധുക്കൾ പരാതി നൽകുകയായിരുന്നു.