ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം; മീഡിയവൺ വാർത്ത നിയമസഭയിൽ
മാനദണ്ഡങ്ങൾ അനുസരിച്ചുള്ള പ്രവർത്തനം സംസ്ഥാനത്ത് നടക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗത്തെക്കുറിച്ചുള്ള മീഡിയവൺ വാർത്ത നിയമസഭയിൽ. ഇ.ചന്ദ്രശേഖരനാണ് ശ്രദ്ധ ക്ഷണിക്കലായി വിഷയം ഉന്നയിച്ചത്. ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം തടയുന്നതിന് ആന്റിബയോട്ടിക് സാക്ഷരത നൽകുന്നതുൾപ്പെടെയുള്ള അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു മുൻമന്ത്രി ഇ. ചന്ദ്രശേഖരന്റെ ശ്രദ്ധ ക്ഷണിക്കൽ.
തുടർന്ന് സംസാരിച്ച മന്ത്രി വീണാ ജോർജ്, ആശുപത്രികളിൽ ശരിയായ രീതിയിൽ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നടത്തുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി. ശ്രദ്ധിച്ചില്ലെങ്കിൽ ലോകത്ത് ഒരുകോടി ജനങ്ങൾ ആൻറി മൈക്രോ റസിസ്റ്റൻസ് കാരണം മരണപ്പെടും. ഇതിനെതിരെ മാനദണ്ഡപ്രകാരമുള്ള പ്രവർത്തനം സംസ്ഥാനത്ത് നടക്കുന്നു. കൂടാതെ സംസ്ഥാനത്ത് റാഷണൽ ആന്റിബയോട്ടിക് തെറാപ്പിയും നടക്കുന്നു. ഇതിന്റെ ഭാഗമായി എല്ലാ ആശുപത്രികളിലും മാസത്തിൽ ഒരിക്കൽ പ്രിസ്ക്രിപ്ഷൻ ഓഡിറ്റും നടന്നുവരുന്നതായി മന്ത്രി പറഞ്ഞു.
'പാലിക്കപ്പെടാതെ നിര്‍ദേശങ്ങള്‍' എന്ന പേരിൽ മീഡിയവൺ നടത്തിയ അന്വേഷണ പരമ്പരയാണ് നിയമസഭയിലേക്ക് വരെ ഈ വിഷയമെത്താൻ കാരണമായത്.
അതിനിടെ, മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളുടെ കമ്പനിക്കെതിരായ അന്വേഷണം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കർ തള്ളിയതോടെ പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു. സഭയുടെ നടുത്തളത്തിലും പ്രതിപക്ഷം ബാനർ ഉയർത്തി പ്രതിഷേധിച്ചു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ പരിഗണിക്കാൻ കഴിയില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്. മുഖ്യമന്ത്രി രാജിവെക്കണമെന്നും സഭയിൽ വരാതെ മുഖ്യമന്ത്രി ഒളിച്ചോടിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.