'നഷ്ടപ്പെട്ടത് പിതൃതുല്യനായ വ്യക്തിയെ'; ഫോട്ടോഗ്രാഫര്‍ ശിവനുമായുള്ള അപൂര്‍വ്വ ബന്ധത്തെക്കുറിച്ച് എം.കെ മുനീര്‍

ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ ആയിരുന്നു ശിവേട്ടൻ. അദ്ദേഹത്തിന്റെ മക്കളുമായി ആ ബന്ധം ഞാൻ കാത്തുസൂക്ഷിച്ചു.

Update: 2021-06-25 14:42 GMT
Advertising

പ്രശസ്ത ഫോട്ടോഗ്രാഫറും നിര്‍മാതാവുമായിരുന്ന ശിവനെ അനുസ്മരിച്ച് ഡോ. എം.കെ മുനീര്‍. പിതാവ് സി.എച്ച് മുഹമ്മദ് കോയയുടെ അടുത്ത സുഹൃത്തായിരുന്ന അദ്ദേഹം കുടുംബാംഗത്തെ പോലെയായിരുന്നു എന്ന് മുനീര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ശിവന്റെ മരണത്തിലൂടെ പിതൃതുല്യനായ ഒരു വ്യക്തിയെയാണ് നഷ്ടമായതെന്നും എം.കെ മുനീര്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പിതാവിന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്തായിരുന്നു ശിവേട്ടൻ.ക്ലിഫ് ഹൗസിൽ പിതാവിന്റെയടുത്ത് നിത്യസന്ദർശകനായിരുന്നു അദ്ദേഹം. എന്റെ പിതൃസ്ഥാനത്ത് നിന്ന് ഒരു വ്യക്തിയാണ് എനിക്ക് നഷ്ടമായിട്ടുള്ളത്.

ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ ആയിരുന്നു ശിവേട്ടൻ. അദ്ദേഹത്തിന്റെ മക്കളുമായി ആ ബന്ധം ഞാൻ കാത്തുസൂക്ഷിച്ചു.ശിവേട്ടന് നാല് മക്കളാണ്, മൂന്ന് സഹോദരങ്ങളും ഒരു സഹോദരിയും.അവരുമായൊക്കെ എനിക്ക് നല്ല ബന്ധമാണ് .അവരുമായി ഫോണിൽ ബന്ധപ്പെടാറും വരുമ്പോൾ കാണാറുമുണ്ട്.

അദ്ദേഹത്തിന്റെ സഹധർമ്മിണിയുടെ മരണസമയത്ത് ഞാൻ അവരുടെ കൂടെ ആ വീട്ടിൽ തന്നെ ഉണ്ടായിരുന്നു.

അദ്ദേഹത്തിന്റെ മക്കളിൽ സന്തോഷ് ശിവനുമായിട്ടാണ് എനിക്ക് കൂടുതൽ അടുപ്പം. അദ്ദേഹം തിരുവനന്തപുരത്ത് തന്നെ ആയതുകൊണ്ട് കുടുംബസമേതം അവരുടെ വീട്ടിൽ പോവുകയും അവർ വീട്ടിലേക്ക് വരികയും ചെയ്യാറുണ്ട്. സന്തോഷ് ശിവൻ പിന്നീട് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സിനിമാറ്റോഗ്രാഫറായി മാറി.

ശിവേട്ടന്റെ സ്റ്റുഡിയോയിൽ നിന്നായിരുന്നു ഞങ്ങൾ പലപ്പോഴും ഫോട്ടോയെടുത്തിരുന്നത്. ശിവേട്ടൻ ഒരുപാട് തവണ ഞങ്ങളുടെ കുടുംബ ഫോട്ടോ എടുത്തിട്ടുണ്ട്.

എന്റെ കുട്ടിക്കാലത്ത് എന്നെയും ബാപ്പയെയും വെച്ച് ശിവേട്ടൻ എടുത്ത ഫോട്ടോ ആണ് ഇവിടെ ചേർത്തിട്ടുള്ളത്.

പലപ്പോഴും ശിവേട്ടന്റെ കൂടെ പ്രശസ്ത സിനിമാനടൻ സത്യേട്ടൻ ഉണ്ടാവുമായിരുന്നു.

സത്യൻ എന്ന മഹാനടൻ എന്നെയും എന്റെ ഇളയ സഹോദരിയെയും ക്ലിഫ് ഹൗസിലെ ചവിട്ടുപടിയിൽ രണ്ടു വശത്ത് ഇരുത്തി എടുത്ത ഫോട്ടോ എവിടെയോ നഷ്ടപ്പെട്ടു പോയി.ആ ഫോട്ടോ വീണ്ടെടുക്കുന്നതിന് ശിവേട്ടൻ ഒരുപാട് ശ്രമിച്ചിരുന്നു, പക്ഷേ കിട്ടിയില്ല. അങ്ങനെ ഓർമ്മകൾ തുളുമ്പുന്ന ഒരുപാട് ഫോട്ടോകൾ ശിവേട്ടൻ തന്റെ ക്യാമറയിൽ പകർത്തിയിരുന്നു.

ഒരു കാലഘട്ടത്തിൽ ഉദ്യോഗത്തിലിരിക്കുന്നവർക്ക് സ്വന്തം പേരിൽ കൃതികൾ എഴുതാൻ പറ്റുമായിരുന്നില്ല. ബാലമുരളി എന്ന തൂലികാനാമത്തിലായിരുന്നു ഒ എൻ വി കുറുപ്പ് പാട്ടുകൾ എഴുതിയിരുന്നത്. സ്വപ്നം എന്ന സിനിമയിൽ ഒ എൻ വിയുടെ പേരിൽ തന്നെ പാട്ട് എഴുതണമെന്ന് ശിവേട്ടന് വല്ലാത്ത ആഗ്രഹമായിരുന്നു. അദ്ദേഹം ഒ എൻ വിയേയും കുട്ടി അച്യുതമേനോന്റെ അടുത്തു പോയപ്പോൾ സി എച്ച് മുഹമ്മദ് കോയയെ കാണുന്നതാണ് ഏക പോംവഴിയെന്ന് പറഞ്ഞു.

അങ്ങനെ അവർ പിതാവിന്റെ അടുത്ത് വരികയും 'established poet' എന്ന നിലക്ക് സ്വന്തം പേര് ഉപയോഗിക്കാനുള്ള സ്പെഷ്യൽ ഓർഡർ പിതാവ് നൽകുകയും ചെയ്തതിനുശേഷമാണ് ഒ എൻ വി എന്ന പേരിൽ പാട്ടുകൾ എഴുതി തുടങ്ങിയത്.

വിസ്മരിക്കാനാവാത്ത ശിവേട്ടന്റെ ഓർമ്മകൾക്കു മുന്നിൽ പ്രണാമം.

Full View

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News