മുസ്‍ലിം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം എ.ഐ.സി.സി നേതൃത്വത്തെ ധരിപ്പിക്കും- എം.എം ഹസന്‍

''ലീഗിന്‍റെ ആവശ്യം കെ.പി.സി.സി നേതൃത്വം മാത്രം ചർച്ച ചെയ്താൽ തീരുന്നതല്ല. അക്കാര്യം ദേശീയ നേതൃത്വവുമായും ആലോചിക്കണം. നാലാം തിയതി എ.ഐ.സി.സി അധ്യക്ഷനും ജനറൽ സെക്രട്ടറിയുമെല്ലാം തൃശൂരിൽ വരുന്നുണ്ട്.''

Update: 2024-02-02 11:17 GMT
Editor : Shaheer | By : Web Desk
Advertising

കോട്ടയം: മുസ്‍ലിം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം എ.ഐ.സി.സി നേതൃത്വത്തെ ധരിപ്പിക്കുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസന്‍. തൃശൂരിൽ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ സാന്നിധ്യത്തിൽ ചർച്ച നടക്കും. അഞ്ചാം തിയതി വിഷയത്തില്‍ തീരുമാനമുണ്ടാകും. വിഷയത്തിനു സമവായത്തിലൂടെ പരിഹാരമുണ്ടാക്കുമെന്നും വിവാദമാകില്ലെന്നും ഹസ്സന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

മുസ്‍ലിം ലീഗ് അടക്കമുള്ള എല്ലാ ഘടകകക്ഷികളുമായും ഒരു തവണ ചർച്ച കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ചില കക്ഷികളുമായുള്ള ചർച്ച പൂർത്തീകരിച്ചു. ലീഗുമായുള്ള പ്രാരംഭ ചർച്ചയിൽ അവരുടെ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യം ചർച്ച ചെയ്യാമെന്നും അറിയിച്ചിട്ടുണ്ടെന്നും ഹസന്‍ ചൂണ്ടിക്കാട്ടി.

''അവരുടെ ആവശ്യം കെ.പി.സി.സി നേതൃത്വം മാത്രം ചർച്ച ചെയ്താൽ തീരുന്നതല്ല. അക്കാര്യം ദേശീയ നേതൃത്വവുമായും ആലോചിക്കണം. നാലാം തിയതി എ.ഐ.സി.സി അധ്യക്ഷനും ജനറൽ സെക്രട്ടറിയുമെല്ലാം തൃശൂരിൽ വരുന്നുണ്ട്. അന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി ചേരും. അതിൽ ചർച്ച നടത്തിയ ശേഷം അഞ്ചിന് യു.ഡി.എഫ് സംസ്ഥാന ഏകോപന സമിതി യോഗത്തിൽ തീരുമാനമെടുക്കും.''

മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ മുനീർ, കെ.പി.എ മജീദ് എന്നിവർ പ്രകടിപ്പിച്ച അഭിപ്രായങ്ങളെല്ലാം എ.ഐ.സി.സി നേതൃത്വത്തെ ധരിപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ അഞ്ചാം തിയതിയോടെ തീരുമാനമെടുക്കുമെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ ലീഗിന് മൂന്നാംസീറ്റ് വേണമെന്ന് നേരത്തെ പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു. എല്ലാ സമയത്തെയും പോലെയല്ല ഇത്തവണ. സാദിഖലി തങ്ങൾ വിദേശത്തുനിന്ന് മടങ്ങിയെത്തിയാല്‍ പാർട്ടി യോഗം ചേർന്ന് ചർച്ച നടത്തുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

'ലീഗിന് സീറ്റില്ലെന്ന വാർത്ത ശരിയല്ല. മൂന്നാം സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. നടന്നത് പ്രാഥമിക ചർച്ചകൾ മാത്രമാണ്. അതില്‍ ഒരു തീരുമാനവും ആയിട്ടില്ല. എല്ലാ സമയത്തെയും പോലെയല്ല, ഇത്തവണ സീറ്റ് വേണം'... കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

Full View

തെരഞ്ഞെടുപ്പിന് സമയം ഇനിയുമുണ്ട്. ബാക്കി ചർച്ചകൾ വരുംദിവസങ്ങളിൽ നടക്കും. സീറ്റിന് അർഹതയുമുണ്ട്. വേണമെങ്കിൽ സീറ്റ് തരാവുന്നതുമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Summary: UDF convener MM Hassan says that the Muslim League's demand for the third seat in Lok Sabha election will be discussed with the AICC leadership.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News