എം.എം ലോറൻസിൻ്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കണം; ഉത്തരവിട്ട് ഹൈക്കോടതി
മകൾ ആശാ ലോറൻസിൻ്റെ ഹരജിയിലാണ് ഇടക്കാല ഉത്തരവ്
എറണാകുളം: അന്തരിച്ച സിപിഎം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടു കൊടുക്കരുതെന്നാവശ്യപ്പെട്ട് മകൾ സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി ഉത്തരവ്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. മകൾ ആശാ ലോറൻസിൻ്റെ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിന് വിട്ടുനൽകുമെന്നായിരുന്നു കുടുംബവും പാർട്ടിയും ആദ്യം അറിയിച്ചിരുന്നത്.
കളമശേരി മെഡിക്കൽ കോളേജ് ഓഫീസർ വിഷയം തീർപ്പാക്കണമെന്ന് ഹൈക്കോടതി. കേരള അനാട്ടമി ആക്ട് പ്രകാരം വിഷയത്തിൽ നിയമവശങ്ങൾ പരിശോധിച്ചു മറ്റു നടപടികൾ സ്വീകരിക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തീരുമാനമെടുക്കേണ്ടത് ഓതറൈസേഷൻ ഓഫീസറാണെന്നും കോടതി.
സഹോദരി കേസിന് പോയതിൽ സംശയങ്ങളുണ്ടെന്നാരോപിച്ച് ലോറൻസിൻ്റെ മകൻ നേരത്തെ രംഗത്തെത്തിയിരുന്നു. 'പിതാവ് നേരത്തെ പറഞ്ഞ കാര്യം പാർട്ടിയെ അറിയിച്ചതാണെന്നും മകൻ പറഞ്ഞു. പാർട്ടി ഇതനുസരിച്ചാണ് തീരുമാനമെടുത്തത്. സഹോദരിക്ക് വേണ്ടി ഹാജരായത് സംഘപരിവാർ ബന്ധമുള്ള അഭിഭാഷകനാണെ'ന്നും മകൻ സജീവൻ പറഞ്ഞു.
ഹൈക്കോടതി വിധി അംഗീകരിക്കുന്നെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ മീഡിയവണിനോട് പറഞ്ഞു. 'കുടുംബത്തോട് ആലോചിച്ചാണ് പാർട്ടി തീരുമാനമെടുത്തത്. മകൾ രാഷ്ട്രീയം കളിക്കുന്നുണ്ടോ എന്ന് പാർട്ടിക്ക് അറിയില്ലെ'ന്നും സി എൻ മോഹനൻ പറഞ്ഞു.