'സാബുവിന് മാനസിക പ്രശ്‌നം ഉണ്ടായിരുന്നോ എന്ന് പരിശോധിക്കണം'; കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത നിക്ഷേപകനെ അധിക്ഷേപിച്ച് എം.എം മണി
കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് കോർപ്പറേറ്റീവ് സൊസൈറ്റിയിൽ സൊസൈറ്റിയിൽ നിക്ഷേപിച്ച പണം നൽകാത്തതിനെ തുടർന്നാണ് സാബു ജീവനൊടുക്കിയത്.
ഇടുക്കി: കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബുവിനെ അധിക്ഷേപിച്ച് എം.എം മണി എംഎൽഎ. സാബുവിന് മാനസിക പ്രശ്‌നമുണ്ടായിരുന്നോ എന്ന് പരിശോധിക്കണമെന്ന് എം.എം മണി പറഞ്ഞു. സാബുവിന്റെ മരണത്തിൽ വി.ആർ സജിക്കോ സിപിഎമ്മിനോ ഉത്തരവാദിത്തമില്ല. പാപഭാരം എൽഡിഎഫിന്റെ തലയിൽ കെട്ടിവെക്കേണ്ട. ഇതൊന്നും പറഞ്ഞ് വിരട്ടാൻ നോക്കേണ്ട. സാബുവിന്റെ കുടുംബത്തോട് സഹാനുഭൂതിയുണ്ടെന്നും മണി പറഞ്ഞു. കട്ടപ്പനയിൽ സംഘടിപ്പിച്ച വിശദീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് കോർപ്പറേറ്റീവ് സൊസൈറ്റിയിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെ തുടർന്നാണ് സാബു ആത്മഹത്യ ചെയ്തത്. സിപിഎം നിയന്ത്രണത്തിലാണ് സൊസൈറ്റി പ്രവർത്തിക്കുന്നത്. ഭാര്യയുടെ ചികിത്സക്കായി തന്റെ അക്കൗണ്ടിലെ ആവശ്യപ്പെട്ടപ്പോൾ ബാങ്ക് അധികൃതർ നൽകാൻ തയ്യാറായില്ല. തുടർന്നാണ് സാബു ആത്മഹത്യ ചെയ്തത്.
സാബുവിനെ ബാങ്ക് മുൻ പ്രസിഡന്റ് ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. മുൻ പ്രസിഡന്റും സിപിഎം കട്ടപ്പന മുൻ ഏരിയാ സെക്രട്ടറിയുമായ വി.ആർ സജിയുമായുള്ള സംഭാഷണമാണ് പുറത്തുവന്നത്. സംഭവവുമായി ബന്ധപ്പെട്ട് സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലർക്ക് സുജമോൾ, ജൂനിയർ ക്ലർക്ക് ബിനോയ് എന്നിവരെ സസ്‌പെൻഡ് ചെയ്തിരുന്നു.