മോദിയും ഷായും വന്നു എന്നിട്ടും താമര വിരിഞ്ഞില്ല; ആകെയുള്ള ഒന്ന് കൈയ്യീന്നും പോയി
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരെ ഉള്‍പ്പെടെ ഇറക്കി കളം നിറഞ്ഞാടിയിട്ടും ബി.ജെ.പിക്ക് ഗുണമുണ്ടായില്ല
കേരളത്തില്‍ ഇത്തവണ 35 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് പറഞ്ഞ ബിജെപിക്ക് താമര വിരിയിക്കാന്‍ കഴിഞ്ഞതുമില്ല, കൈയ്യില്‍ ഉണ്ടായിരുന്ന ഒന്ന് കൊഴിഞ്ഞും പോയി. ഏത് വിധേനയും നില മെച്ചപ്പെടുത്താന്‍ പല വഴികളും നോക്കിയെങ്കിലും രക്ഷയുണ്ടായില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരെ ഉള്‍പ്പെടെ ഇറക്കി കളം നിറഞ്ഞാടിയിട്ടും ബി.ജെ.പിക്ക് ഗുണമുണ്ടായില്ല. സ്വര്‍ണക്കടത്ത് വിഷയത്തില്‍ ഉള്‍പ്പെടെ അഴിമതി ആരോപണങ്ങളും വിവാദങ്ങളും ഉയര്‍ത്തി സര്‍ക്കാരിനെ നേരിട്ടത് തെരഞ്ഞടുപ്പില്‍ ഫലം കാണുമെന്ന കണക്കുകൂട്ടലും പാളി.
മെട്രോമാന്‍ ഇ.ശ്രീധരനെ തെരഞ്ഞെടുപ്പിന് മുമ്പേ മുഖ്യമന്ത്രിയാക്കിയിട്ടും ഹെലിക്കോപ്ടര്‍ അടക്കം ഇറക്കി പ്രചാരണം വേഗത്തിലാക്കിയിട്ടും ഗുണമുണ്ടായില്ല. 2016ല്‍ വിജയിച്ച നേമത്തിന് പുറമെ നിരവധി സീറ്റുകളില്‍ ഇത്തവണ വിജയിക്കാമെന്നായിരുന്നു ബി.ജെ.പിയുടെ കണക്കുക്കൂട്ടല്‍. എന്നാല്‍ നേമത്ത് പോലും വിജയിക്കാനാകാതെ ബി.ജെ.പി ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്.
നേമത്ത് കുമ്മനം രാജശേഖരനും പാലക്കാട്ട് ഇ. ശ്രീധരനും തുടക്കംമുതല്‍ ലീഡ് നിലനിര്‍ത്തിയെങ്കിലും അവസാന റൗണ്ടുകളില്‍ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു. ഒരുഘട്ടത്തില്‍ ഇ.ശ്രീധരന്‍ വിജയത്തിലേക്ക് അടുക്കുമെന്ന് തോന്നിയെങ്കിലും അവസാനഘട്ടത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ ജയിച്ചുകയറി. നേമവും പാലക്കാടും ഒഴികെ മഞ്ചേശ്വരത്തും തൃശ്ശൂരുമാണ് ബി.ജെ.പിക്ക് അല്പമെങ്കിലും ആശ്വാസകരമായ മത്സരമുണ്ടായത്.
തൃശ്ശൂരില്‍ സുരേഷ് ഗോപി ഏതാനും മണിക്കൂറുകള്‍ മുന്നിട്ടുനിന്നെങ്കിലും പിന്നീട് പിന്നില്‍പ്പോയി. ഇത്തവണ ആകെ മൂന്ന് സീറ്റുകളില്‍ മാത്രമാണ് എന്‍.ഡി.എയ്ക്കും ബി.ജെ.പിക്കും മുന്നിട്ടുനില്‍ക്കാനായത്. എന്നാല്‍ അവസാനഘട്ടത്തില്‍ ബി.ജെ.പിയുടെ എല്ലാ പ്രതീക്ഷകളും അവസാനിക്കുകയായിരുന്നു. സര്‍വസന്നാഹങ്ങളുമായി തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ചിട്ടും കേരളത്തില്‍ ഒരു സീറ്റ് പോലും നേടാനായില്ലെന്നത് ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന് കനത്ത തിരിച്ചടിയാണ്.