മോദിയും ജെ.പി നദ്ദയും ഉത്തരാഖണ്ഡിലെത്തും; പ്രചാരണം കൊഴുപ്പിക്കാനൊരുങ്ങി ബിജെപി
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രചാരണ രംഗത്ത് സജീവമാകും
തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഉത്തരാഖണ്ഡിൽ താരപ്രചാരകരെ ഇറക്കി പ്രചാരണം കൊഴുപ്പിക്കാനൊരുങ്ങി ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ അധ്യക്ഷൻ ജെപി നദ്ദയും വരും ദിവസങ്ങളിൽ ഉത്തരാഖണ്ഡിലെത്തും. ഉത്തരാഖണ്ഡിൽ റാലികൾ സംഘടിപ്പിക്കാനാണ് തീരുമാനം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രചാരണ രംഗത്ത് സജീവമാകും.
നിയമസഭാ തെരഞ്ഞെടുപ്പിൽ റാലികൾക്കുള്ള നിയന്ത്രണം തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കിയതോടെയാണ് വമ്പൻ പ്രചാരണ പദ്ധതികളുമായി ബിജെപി മുന്നോട്ട് പോകുന്നത്. ഉത്തരാഖണ്ഡിലെ എഴുപത് മണ്ഡലങ്ങളിലും താരപ്രചാരകരെ പ്രഖ്യാപിച്ച പാർട്ടി എൻഡിഎ സർക്കാറിന്റെ നേട്ടങ്ങളും മുഖ്യമന്ത്രി പുഷ്പക് സിങ് ധാമിയുടെ ഭരണ മികവും ഉയർത്തിക്കാട്ടിയാണ് പ്രചാരണം കൊഴുപ്പിക്കുന്നത്.
ഇന്നലെ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും ഹിമാചൽ മുഖ്യമന്ത്രി ജയ്റാം ഠാക്കൂറും ആദ്യഘട്ട പ്രചാരണത്തിന് ഡറാഡൂണിൽ തുടക്കം കുറിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ഓരോ സംസ്ഥാനങ്ങളിലും എത്തിച്ച് റാലികൾ സംഘടിപ്പിക്കാനാണ് സംസ്ഥാന ബിജെപിയുടെ തീരുമാനം. പ്രമുഖ നേതാക്കൾ റാലിക്കെത്തുന്ന മണ്ഡലങ്ങളിൽ പ്രത്യേകം എൽഇഡി സ്ക്രീനുകൾ ഒരുക്കും. ഓരോ ബൂത്തിലും പ്രത്യകം യോഗം വിളിച്ച് ചേർത്ത് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നിരീക്ഷിക്കണമെന്നും ബിജപി നിർദേശം നൽകിയിട്ടുണ്ട്.
മുതിർന്ന കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തും നിലവിലെ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയും തമ്മിലാണ് ഇത്തവണത്തെ പോരാട്ടം. ഭരണ തുടർച്ച ലക്ഷ്യമിടുന്ന ബി.ജെ.പിയെ സർക്കാർ വിരുദ്ധ പ്രചാരണങ്ങളിലൂടെ തകർക്കാനാണ് കോൺഗ്രസ് പദ്ധതിയിടുന്നത്. വിലക്കയറ്റത്തെ നിയന്ത്രിക്കുമെന്ന പ്രധാന കാര്യമാണ് കോണ്‍ഗ്രസ് മുന്നോട്ട് വെയ്ക്കുന്നത്. പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവരാണ് പ്രചരണത്തിന് മുൻനിരയിലുള്ളത്. കർഷകരുടെ പ്രശ്നങ്ങളടക്കം ഉയർത്തിക്കാട്ടിയാണ് കോൺഗ്രസ് പ്രചാരണം.
ആദ്യമായി ഭരണത്തുടര്‍ച്ചയെന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി അങ്കത്തിനിറങ്ങുന്നത്. ചില മണ്ഡലങ്ങളിൽ ആം ആദ്മി പാർട്ടിക്കും പ്രതീക്ഷകളുണ്ട്. ഫെബ്രുവരി 14നാണ് ഉത്തരാഖണ്ഡിൽ നിയസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 10നാണ് ഫലപ്രഖ്യാപനം. ആകെ 70 സീറ്റുകളാണ് ഉത്തരാഖണ്ഡിലുള്ളത്.