പിണറായി വിജയന്റെ ആഭ്യന്തര വകുപ്പിനെ ചൊല്ലി മോദി അഭിമാനിക്കുന്നുണ്ടാവും: ഷാഫി പറമ്പിൽ

''ഏത് കേസെടുത്താലും കോട്ടിട്ട മോദിക്കും മുണ്ടുടുത്ത മോദിക്കുമെതിരെയുള്ള യൂത്ത് കോൺഗ്രസ്സ് പോരാട്ടം തുടരും''

Update: 2023-04-25 13:24 GMT
Editor : afsal137 | By : Web Desk

ഷാഫി പറമ്പിൽ 

Advertising

കൊച്ചിയിൽ യുവം വേദിക്ക് പുറത്ത് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അനീഷിനെതിരായ പൊലീസ് നടപടിയിൽ ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ എം.എൽ.എ. സമരം ചെയ്തവന്റെ മതം നോക്കി മുസ്‌ലിമായത് കൊണ്ട് മത സ്പർദ്ധ വളർത്തുന്ന വകുപ്പ് ചേർത്ത് കേസെടുക്കാൻ നിർദേശം കൊടുത്ത വിജയന്റെ ആഭ്യന്തര വകുപ്പിനെ ചൊല്ലി മോദി അഭിമാനിക്കുന്നുണ്ടാവുമെന്ന് ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു. പുൽവാമയിലെ ധീരരെ കൊലയ്ക്ക് കൊടുത്തതിൽ ഭരണകൂടത്തിന്റെ വീഴ്ച്ച ചൂണ്ടിക്കാണിച്ചാണ് അനീഷ് പ്രതിഷേധിച്ചതെന്ന് അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി.

ഏത് കേസെടുത്താലും കോട്ടിട്ട മോദിക്കും മുണ്ടുടുത്ത മോദിക്കുമെതിരെയുള്ള യൂത്ത് കോൺഗ്രസ്സ് പോരാട്ടം തുടരുമെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.

ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

കേരളത്തിൽ പിണറായി വിജയൻ സർക്കാരുള്ളപ്പോൾ മോദി ഒരു സീറ്റിന് വേണ്ടി എന്തിന് കഷ്ടപെടണം ? ഒരു സീറ്റിന് വേണ്ടി റോഡ് ഷോ നടത്തി, മോദിയെ കൊണ്ട് കൂട്ടിയാൽ കൂടാത്ത 'സംവാദം'എന്ന ഓമനപ്പേരിൽ റേഡിയോ തുറന്ന് വെച്ച പോലെ മൻ കി ബാത്ത് നടത്തിയൊക്കെ ബിജെപി നേടാനാഗ്രഹിക്കുന്ന ഭരണം കൊണ്ട് എന്താണോ അവർ ചെയ്യുവാൻ ആഗ്രഹിക്കുന്നത് അത് പിണറായി സർക്കാർ ഭംഗിയായി നടപ്പിലാക്കുന്നുണ്ട്.

ഇന്നലെ പ്രധാനമന്ത്രി എറണാകുളത്ത് എത്തിയപ്പോൾ പുൽവാമയിലെ ധീരരെ കൊലയ്ക്ക് കൊടുത്തതിൽ ഭരണകൂടത്തിന്റെ വീഴ്ച്ച ചൂണ്ടിക്കാണിച്ച് യൂത്ത് കോൺഗ്രസ്സ് കൊടി വീശി ' മോദി ഗോ ബാക്ക്' എന്ന് മുദ്രാവാക്യം വിളിച്ചതിന് അനീഷ് PH എന്ന യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിക്കെതിരെ 'മേലെ' നിന്നുള്ള നിർദ്ദേശ പ്രകാരം 153 A ചുമത്തുകയാണെന്ന് പോലീസ് എറണാകുളം MP ഹൈബി ഈഡനെ വിളിച്ച് അറിയിക്കുന്നു. സമരം ചെയ്തവന്റെ മതം നോക്കി മുസ്ലീമായത് കൊണ്ട് 'മത സ്പർദ്ധ വളർത്തുന്ന' വകുപ്പ് ചേർത്ത് കേസെടുക്കാൻ നിർദ്ദേശം കൊടുത്ത വിജയന്റെ ആഭ്യന്തര വകുപ്പിനെ ചൊല്ലി മോദി അഭിമാനിക്കുന്നുണ്ടാവും.

'കേരള യോഗി' പിണറായി നാട് ഭരിക്കുമ്പോൾ ബിജെപി ഇനി വേറെ സീറ്റിനും ഭരണത്തിനും വേണ്ടി ദിവാസ്വപ്നം കാണേണ്ട കാര്യമില്ലല്ലോ...ഏത് കേസെടുത്താലും കോട്ടിട്ട മോദിക്കും മുണ്ടുടുത്ത മോദിക്കുമെതിരെയുള്ള യൂത്ത് കോൺഗ്രസ്സ് പോരാട്ടം തുടരും.

Full View

യുവം വേദിക്ക് സമീപം എത്തിയ അനീഷ് ബൈക്കിൽ നിന്ന് ചാടിയിറങ്ങി കയ്യിൽ കരുതിയ യൂത്ത് കോൺഗ്രസ് പതാക വീശി മോദി ഗോ ബാക്ക് എന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. പിന്നാലെ പ്രദേശത്ത് തടിച്ചുകൂടിയ ബി.ജെ.പി പ്രവർത്തകർ അനീഷിനെ കയ്യേറ്റം ചെയ്യുകയുമുണ്ടായി. ഉടൻ തന്നെ പൊലീസ് ഇടപെട്ട് അനീഷിനെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പത്തോളം വരുന്ന കോൺഗ്രസ് പ്രവർത്തകർ കനത്ത സുരക്ഷക്കിടയിലും യുവം കോൺക്ലേവ് പരിസരത്ത് പ്രതിഷേധിച്ചിരുന്നു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News