ലോൺ അക്കൗണ്ടുകളുണ്ടാക്കി മൂന്നരക്കോടി തട്ടി; ഇരിങ്ങാലക്കുട കാറളം എസ്.ബി.ഐ മുൻ അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ
ബാങ്കിൽ നേരത്തെ ആളുകൾ പണയത്തിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്ന 76 പാക്കറ്റിലുള്ള സ്വർണ്ണം പണയം വെച്ച് മൂന്നരക്കോടി രൂപ തിരിമറി നടത്തിയെന്നാണ് പരാതി.
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിൽ ലോൺ അക്കൗണ്ടുകൾ ഉണ്ടാക്കി പണം തട്ടിയ കേസിൽ മുൻ അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ. ഇരിങ്ങാലക്കുട കാറളം എസ്.ബി.ഐ മുൻ അസി മാനേജർ സുനിൽ ജോസ് അവറാനാണ് അറസ്റ്റിലായത്. 2018 ഒക്ടോബർ 3 മുതൽ 2020 നവംബർ 16 വരെ എസ്.ബി.ഐ ബാങ്കിൽ ചീഫ് അസോസിയേറ്റായിരുന്ന കാലയളവിലാണ് സുനിൽ ജോസ് പണത്തിരിമറി നടത്തിയത്.
ബാങ്കിൽ നേരത്തെ ആളുകൾ പണയത്തിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്ന 76 പാക്കറ്റിലുള്ള സ്വർണ്ണം പണയം വെച്ച് മൂന്നരക്കോടി രൂപ തിരിമറി നടത്തിയെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് ബാങ്കിന്റെ അസിസ്റ്റന്റ് മാനേജർ നന്ദകുമാർ ഓഡിറ്റിങ്ങിൽ തിരിമറി നടത്തിയതായി കണ്ടെത്തുകയായിരുന്നു. അന്നത്തെ ബാങ്ക് മാനേജറെയും സുനിൽ ജോസിനെയും ബാങ്കിൽ നിന്ന് പുറത്താക്കിയിരുന്നു. സുനിൽ ജോസ് ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ക്രൈബ്രാഞ്ച് ഇന്ന് സുനിൽ ജോസിനെ അറ്‌സ്റ്റ് ചെയ്യുന്നത്.