കുസാറ്റിൽ പി.കെ ബേബിക്ക് വീണ്ടും സ്ഥാനക്കയറ്റം നല്‍കാൻ നീക്കം; പ്രതിഷേധം ശക്തം

പ്രതിഷേധം ഭയന്ന് ഇതിനുള്ള അഭിമുഖം രഹസ്യമായാണ് നടത്തുന്നത്.

Update: 2023-09-23 10:46 GMT
Advertising

കൊച്ചി: കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ അനധ്യാപക ജീവനക്കാരനായ പി.കെ ബേബിയെ അസിസ്റ്റന്റ് പ്രൊഫസർക്ക് തുല്യമായ പദവിയിലെത്തിച്ചത് വിവാദമായിരിക്കെ വീണ്ടും സ്ഥാനക്കയറ്റം നല്‍കാനുള്ള നീക്കം. അസോസിയേറ്റ് പ്രൊഫസർ സ്കെയില്‍ നല്‍കാനുള്ള നീക്കമാണ് സർവകലാശാല നടത്തുന്നത്.

പ്രതിഷേധം ഭയന്ന് ഇതിനുള്ള അഭിമുഖം രഹസ്യമായാണ് നടത്തുന്നത്.ഡിപ്പാർട്ട്മെന്റുകൾക്കെല്ലാം അവധിയായ ഇന്ന് വി.സിയുടെ ഓഫീസിൽ വച്ചാണ് അഭിമുഖം നടത്താൻ തീരുമാനിച്ചത്. ഇതിനായി കേരളത്തിന് പുറത്തുള്ള സർവകലാശാലകളിലെ രണ്ട് വിദ​ഗ്ധർ രാവിലെ തന്നെ കുസാറ്റിലെ ​ഗസ്റ്റ് ഹൗസിൽ എത്തിയിരുന്നു.

സർവകലാശാലയുടെ നീക്കത്തിനെതിരെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് മുന്നിൽ കെ.എസ്.യു പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. ഇതിനിടെ, ക്യാമ്പസിനകത്തേക്കുള്ള മുസ്‍ലിം ലീഗ് മാർച്ച് പൊലീസ് തടഞ്ഞു.

മീഡിയവണാണ് പി.കെ ബേബിയുടെ നിയമന അട്ടിമറി പുറത്തുകൊണ്ടുവന്നത്. കുസാറ്റിലെ മുൻ എസ്.എഫ്.ഐ നേതാവ് കൂടിയായ പി.കെ ബേബി അസാധാരണ നീക്കങ്ങളിലൂടെയാണ് യു.ജി.സി ശമ്പളം വാങ്ങുന്ന ഉന്നത പദവിയിലെത്തിയത്. വി.എസ് സർക്കാരിന്‍റെ കാലത്ത് ക്ലാർക്കിന് തൊട്ടുമുകളിലെ തസ്തികയിൽ നിയമിക്കപ്പെട്ട ബേബിക്ക് വേണ്ടി ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് അട്ടിമറികൾ നടന്നത്.

വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പ്, കലോത്സവ നടത്തിപ്പ് തുടങ്ങിയ ചുമതലകളാണ് സ്റ്റുഡന്റ് വെൽഫെയർ ഡയറക്ടർക്കുള്ളത്. ക്ലാസ് ടു വിഭാഗത്തിലുള്ള ഈ പോസ്റ്റ് കേരളത്തിലെ മുഴുവൻ സർവകലാശാലകളിലും നോൺ ടീച്ചിങ് വിഭാഗത്തിലാണ്. കുസാറ്റിലെ സ്റ്റുഡന്റ്‌സ് വെൽഫെയർ ഡയറക്ടർ പോസ്റ്റിലേക്ക് നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നത് 2008ലെ ഇടത് സിൻഡിക്കേറ്റിന്റെ കാലത്താണ്.

12930- 20250 ശമ്പള സ്‌കെയിലിൽ പി.കെ ബേബി എന്ന കുസാറ്റിലെ മുൻ എസ്.എഫ്.ഐ നേതാവിന് നിയമനം ലഭിച്ചു. ഏഴു വർഷം ഈ പോസ്റ്റിൽ ജോലി ചെയ്ത ബേബി ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വിചിത്രമായ ഒരു ആവശ്യമുന്നയിച്ചു. തന്റെ പോസ്റ്റ് യുജിസി ശമ്പളത്തോടെ ടീച്ചിംഗ് പോസ്റ്റാക്കി മാറ്റണമെന്നായരുന്നു ആവശ്യം.

2016 ൽ ബേബിയുടെ നിവേദനം ലഭിച്ചയുടൻ സർവകലാശാലയുടെ സ്റ്റാറ്റിയൂട്ട് ഭേദഗതി ചെയ്യാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു. സർക്കാരിലും കുസാറ്റ് സിൻഡിക്കേറ്റിലുമൊക്കെ ബേബിയുടെ സ്വന്തക്കാരായതിനാൽ എല്ലാം മുൻകൂട്ടി നിശ്ചയിച്ചത് പോലെ നടന്നു. 2018 ജൂൺ 23ന് ചേർന്ന സിൻഡിക്കേറ്റ് യോഗം പി.കെ ബേബിയുടെ ആവശ്യം അംഗീകരിച്ചു. 11 വർഷത്തെ മുൻകാല പ്രാബല്യത്തോടെ യുജിസി ശമ്പളവും അനുവദിച്ചു. വി.എസ് സർക്കാരിന്റെ കാലം മുതൽ അതിനിഗൂഢമായ നീക്കങ്ങളാണ് പി.കെ ബേബിയെന്ന വ്യക്തിയെ ഉന്നത പദവിയിലെത്തിക്കാനായി നടന്നത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News