ഒമാനിൽ വെടിയേറ്റ് മരിച്ച മൊയ്തീന്റെ മൃതദേഹം സലാലയിൽ തന്നെ സംസ്‌കരിക്കാൻ സാധ്യത
പെരുന്നാൾ അവധി കാരണം മൃതദേഹം നാട്ടിൽ എത്തിക്കാൻ വൈകുമോയെന്ന ആശങ്കയിലാണ് കുടുംബം
കോഴിക്കോട്: ഒമാനിൽ വെടിയേറ്റ് മരിച്ച ചെറുവണ്ണൂർ സ്വദേശി മൊയ്തീന്റെ മൃതദേഹം സലാലയിൽ തന്നെ സംസ്‌കരിക്കാൻ സാധ്യത. പെരുന്നാൾ അവധി കാരണം മൃതദേഹം നാട്ടിൽ എത്തിക്കാൻ വൈകുമോയെന്ന ആശങ്കയിലാണ് കുടുംബം.മൃതദേഹം കൊണ്ടുവരാൻ പറ്റുമെങ്കിൽ കൊണ്ടുവരുമെന്നും അല്ലെങ്കിൽ അവിടെ തന്നെ ഖബറടക്കാനുള്ള സംവിധാനങ്ങൾ ചെയ്യുന്നുണ്ടെന്നും കുടുംബം പറഞ്ഞു.
റമദാനിലെ ഇരുപത്തിയേഴാം രാവിൽ സലാല സാദയിലെ ഖദീജ മസ്ജിദിൽ പ്രാർഥനയിൽ ഇരിക്കെയാണ് മേപ്പയൂർ സ്വദേശി മൊയ്തീൻ കൊല്ലപ്പെടുന്നത്. രാവിലെ പള്ളിയിലെത്തിയ ഒരാണ് മൊയ്തീനെ മരിച്ചനിലയിൽ കണ്ടത്. തൊട്ടടുത്ത് ഒരു തോക്കുമുണ്ടായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് കുടുംബം വിവരം അറിഞ്ഞത്.
'ആരുമായും ശത്രുതയൊന്നുമില്ലാത്ത പിതാവിന് എന്തുപറ്റി എന്നറിയില്ല. ആറ് മാസം മുമ്പ് നാട്ടിൽ വന്നിരുന്നു. പ്രവാസ ജീവിതം അവസാനിപ്പിക്കാനിരിക്കെയാണ് മരണമെന്ന് മൊയ്തീന്റെ മകൻ നാസർ പറഞ്ഞു. സലാല പൊലീസ് ഇന്നലെ വൈകീട്ടോടെ പ്രതിയെ പിടികൂടിയ വിവരം ലഭിച്ചതായി മൊയ്തീന്റെ കുടുംബം പറഞ്ഞു.