എരവന്നൂരിൽ അധ്യാപകരെ മർദിച്ച കേസ്: എം.പി. ഷാജിക്ക് ഉപാധികളോടെ ജാമ്യം
ബിജെപി അനുകൂല അധ്യാപക സംഘടന ഭാരവാഹി ഷാജിക്കും ഭാര്യയ്ക്കും അന്വേഷണവിധേയമായി സസ്‌പെൻഷൻ
കോഴിക്കോട്: എരവന്നൂർ സ്‌കൂളിലെ അധ്യാപകരെ മർദിച്ച കേസിൽ ബിജെപി അനുകൂല അധ്യാപക സംഘടനാ നേതാവ് എം.പി ഷാജിക്ക് കോടതി ജാമ്യം അനുവദിച്ചു. നാളെ കോടതിയിൽ ഹാജറാകണമെന്ന ഉപാധിയോടെയാണ് കോഴിക്കോട് ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഷാജിക്ക് ജാമ്യം അനുവദിച്ചത്. അതിക്രമിച്ചു കടക്കൽ, മർദിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഷാജിക്കെതിരായ കേസ്. അതേസമയം, അധ്യാപകരായ ഷാജിയെയും ഭാര്യ സുപ്രീനയെയും അന്വേഷണവിധേയമായി എഇഒമാർ സസ്‌പെൻഡ് ചെയ്തു.
കഴിഞ്ഞ ചൊവ്വാഴ്ച എരവന്നൂർ എയുപി സ്‌കൂളിലെ സ്റ്റാഫ് കൗൺസിൽ യോഗത്തിലേക്ക് അതിക്രമിച്ച് കയറിയ അധ്യാപകരെ മർദിച്ച സംഭവത്തിൽ ഷാജി അറസ്റ്റിലായിരുന്നു. സ്റ്റാഫ് കൗൺസിൽ യോഗത്തിനിടെയുണ്ടായ അതിക്രമത്തിൽ അഞ്ചു അധ്യാപകർക്ക് പരിക്കേറ്റിരുന്നു. ഷാജിയുടെ ഭാര്യയും എരവന്നൂർ സ്‌കൂളിലെ അധ്യാപികയുമായ സുപ്രീനക്കെതിരായ ആരോപണങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന സ്റ്റാഫ് കൗൺസിൽ യോഗത്തിലേക്കാണ് ഷാജി അതിക്രമിച്ചു കയറിയത്. പോലൂർ എഎൽപി സ്‌കൂളിലെ അധ്യാപകനാണ് ബിജെപി അനുകൂല അധ്യാപക സംഘടനയായ എൻടിയു ജില്ലാ ഭാരവാഹി കൂടിയായ ഷാജി.