'മിസ്റ്റർ ഗവർണർ, ദിസ് ഈസ് നോട്ട് ബ്ലഡി കണ്ണൂർ'; കലോത്സവ കിരീടനേട്ടം കൊണ്ട് മറുപടിയുമായി ഡിവൈഎഫ്‌ഐ
മുമ്പ് വിവാദമായ ഗവർണറുടെ 'ബ്ലഡി കണ്ണൂർ' പരാമർശം ചൂണ്ടിക്കാട്ടിയാണ് മറുപടി.
കണ്ണൂർ: 62ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കണ്ണൂർ ജില്ല കിരീടം നേടിയതോടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മുൻ വിവാദ പരാമർശത്തിന് മറുപടിയുമായി ഡിവൈഎഫ്‌ഐ. മുമ്പ് വിവാദമായ ഗവർണറുടെ 'ബ്ലഡി കണ്ണൂർ' പരാമർശം ചൂണ്ടിക്കാട്ടിയാണ് മറുപടി. ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയാണ് പ്രതികരണവുമായി രംഗത്തെത്തിയത്.
'മിസ്റ്റർ ഗവർണർ, ദിസ് ഈസ് നോട്ട് ബ്ലഡി കണ്ണൂർ, ദിസ് ഈസ് പ്രൗഡ് കണ്ണൂർ' എന്നെഴുതിയ പോസ്റ്ററാണ് കലോത്സവ കലാകിരീടം നേടിയ കണ്ണൂർ ജില്ലയ്ക്ക് അഭിവാദ്യങ്ങൾ അറിയിച്ച് ഡിവൈഎഫ്‌ഐ പുറത്തിറക്കിയത്.
അതേസമയം, സ്കൂൾ കലോത്സവത്തിൽ കിരീടം നേടിയ കണ്ണൂരിനെ അഭിനന്ദിച്ച് ഗവർണർ രംഗത്തെത്തിയിരുന്നു. തനിക്ക് കണ്ണൂരുമായി ഒരു പ്രശ്നവുമില്ലെന്നും കണ്ണൂരിനെ ഇക്കാര്യത്തിൽ മാതൃകയാക്കി ബാക്കിയുള്ളവരും വളർന്നുവരണമെന്നും ഗവർണർ പറഞ്ഞു. കണ്ണൂരിനോട് വ്യക്തിപരമായി ഒരു എതിർപ്പുമില്ല. പഴയ ചില സാഹചര്യങ്ങളിൽ ഉള്ള സഹതാപം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ഗവർണർ പറഞ്ഞു.
952 പോയിന്റുമായാണ് കണ്ണൂർ സ്വർണക്കപ്പ് ഉയർത്തിയത്. 23 കൊല്ലത്തിന് ശേഷമാണ് കലോത്സവ കിരീടം കണ്ണൂരിലേക്ക് എത്തുന്നത്. 1997, 1998, 2000 വർഷങ്ങളിലായിരുന്നു മുൻപത്തെ നേട്ടം. 949 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനവും 938 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനവും ഏറ്റുവാങ്ങി. ആദ്യ നാല് ദിവസവും ഒന്നാം സ്ഥാനം നിലനിർത്തിയായിരുന്നു കണ്ണൂരിന്റെ കുതിപ്പ്.
കഴിഞ്ഞമാസം കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്ഐ പ്രതിഷേധത്തെക്കുറിച്ച് പ്രതികരിച്ചപ്പോഴായിരുന്നു ഗവർണർ 'ബ്ലഡി കണ്ണൂർ' പരാമർശം നടത്തിയത്. ഇത് വൻ വിവാദങ്ങൾക്കും പ്രതിഷേധത്തിനും വഴിവച്ചിരുന്നു. കണ്ണൂരിേന്റത് ‘ബ്ലഡി ഹിസ്റ്ററി’ ആണെന്നും ഗവർണർ അഭിപ്രായപ്പെട്ടിരുന്നു. വിഷയത്തിൽ കണ്ണൂരിലടക്കം വ്യാപക പ്രതിഷേധമായിരുന്നു ഗവർണർക്കെതിരെ ഉയർന്നത്.
പ്രകടനവും പ്രതിഷേധ യോഗവും നടത്തിയും ഗവർണറുടെ കോലം കത്തിച്ചും ഡിവൈഎഫ്ഐ- എസ്എഫ്ഐ പ്രവർത്തകർ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. മുഖ്യമന്ത്രിയും ഗവർണർക്കെതിരെ വിമർശനവുമായി രംഗത്തെത്തിയെങ്കിലും സംഭവത്തിൽ മാപ്പ് പറയാനോ പ്രതികരിക്കാനോ അദ്ദേഹം തയാറായിരുന്നില്ല.