ഇൻഫ്‌ളുവൻസേഴ്‌സ് കൂട്ടായ്മയെക്കുറിച്ച് വർഗീയ പരാമർശം; വിവാദമായതോടെ ഞാൻ കമ്യൂണിസ്റ്റാണെന്ന് മൃണാൾ ദാസിന്റെ വിശദീകരണം

കമ്യൂണിസ്റ്റ് കുടുംബത്തിൽ ജനിച്ച് കമ്യൂണിസ്റ്റുകാരനായി ജീവിക്കുന്ന താൻ വർഗീയത പറയില്ലെന്ന് മൃണാൾ ഇൻസ്റ്റഗ്രാം വീഡിയോയിൽ വ്യക്തമാക്കി.

Update: 2023-09-25 13:23 GMT
Advertising

കോഴിക്കോട്: സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസേഴ്‌സിന്റെ സംഘടനയെക്കുറിച്ച് വർഗീയ പരാമർശം നടത്തിയതിൽ വിശദീകരണവുമായി വ്‌ളോഗർ മൃണാൾ ദാസ്. കേരള ഇൻഫ്‌ളുവൻസേഴ്‌സ് കമ്മ്യൂണിറ്റി (കിക്) എന്ന സംഘടനയെ കുറിച്ചായിരുന്നു മൃണാളിന്റെ പരാമർശം. ഇത് വടക്കൻ കേരളത്തിലെ മുസ്‌ലിം വർഗീയവാദികളുടെ കൂട്ടായ്മയാണെന്നും 'മുസ്‌ലിം ഇൻഫ്‌ളുവൻസേഴ്‌സ് അസോസിയേഷൻ ഓഫ് നോർത്ത് കേരള' (മിയാക്) എന്നാണ് അതിന് നൽകേണ്ട പേരെന്നുമായിരുന്നു മൃണാളിന്റെ പരാമർശം.

ഇതിന് പിന്നാലെയാണ് വിശദീകരണവുമായി മൃണാൾ ദാസ് രംഗത്തെത്തിയത്. ചിലർ വ്യക്തിതാൽപര്യത്തിനും വർഗീയതക്കും വേണ്ടിയുണ്ടാക്കിയ സംഘടനയാണ് ഇതെന്നും കമ്യൂണിസ്റ്റ് കുടുംബത്തിൽ ജനിച്ച് കമ്യൂണിസ്റ്റായി ജീവിക്കുന്ന താൻ വർഗീയത പറയില്ലെന്നും മൃണാൾ ഇൻസ്റ്റഗ്രാം വീഡിയോയിൽ പറഞ്ഞു. കേസിൽപ്പെട്ട ചില ഇൻഫ്‌ളുവൻസേഴ്‌സിന് അതിൽനിന് രക്ഷപ്പെടാൻ ഉണ്ടാക്കിയ സംഘടനയാണ് ഇതെന്നും അത് തുറന്നുകാണിച്ച തന്നെ വർഗീയവാദിയായി മുദ്രകുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും മൃണാൾ ആരോപിച്ചു.

കൂട്ടായ്മക്കെതിരെ വർഗീയ പരാമർശം നടത്തിയ മൃണാളിനെതിരെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. ഒരു സംഘടനയുടെ രൂപീകരണത്തിന് പിന്നാലെ പതിനായിരക്കണക്കിന് ഫോളോവേഴ്‌സ് ഉള്ള ഒരാൾ പ്രത്യേക മതവിഭാഗത്തിന്റെ പേരെടുത്ത് പറഞ്ഞ് വർഗീയ പരാമർശം നടത്തുന്നതിന്റെ പ്രത്യാഘാതങ്ങൾ പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. സംഘ്പരിവാർ അനുകൂല മാധ്യമങ്ങൾ ഇതിനകം തന്നെ മൃണാളിന്റെ ആരോപണം ഏറ്റെടുത്ത് സംഘടനക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News