വിദ്യാര്‍ഥികള്‍ക്ക് കയ്യാമമിട്ട നടപടി; ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ എം.എസ്.എഫ് പരാതി നല്‍കി

വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും എം.എസ്.എഫ് നേതാക്കള്‍ അറിയിച്ചു

Update: 2023-06-28 14:06 GMT
Editor : vishnu ps | By : Web Desk
Advertising

ന്യൂഡല്‍ഹി: പ്ലസ് ടു സീറ്റ് വര്‍ധനവിനായി സമരം ചെയ്ത എം.എസ്.എഫുകാരെ അറസ്റ്റ് ചെയ്ത് കയ്യാമം വെച്ച നടപടിക്കെതിരെ എം.എസ്.എഫ് ദേശീയ കമ്മിറ്റി ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കി.

ന്യായമായ ആവശ്യങ്ങളുമായി ജനാധിപത്യ രീതിയില്‍ സമരം ചെയ്ത എം.എസ്.എഫ് പ്രവര്‍ത്തകരെ കയ്യാമം വെച്ച് നേരിട്ടതിനെതിരെ ശക്തമായ നിയമ നടപടികളുമായി എം.എസ്.എഫ് മുന്നോട്ടു പോകുമെന്ന് ദേശീയ പ്രസിഡന്റ് പി.വി. അഹമ്മദ് സാജു, ജനറല്‍ സെക്രട്ടറി എസ്.എച്ച്. മുഹമ്മദ് അര്‍ഷാദ് എന്നിവര്‍ പറഞ്ഞു.

വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും എം.എസ്.എഫ് നേതാക്കള്‍ അറിയിച്ചു.

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ച വിദ്യാര്‍ഥികളെയാണ് പൊലീസ് കയ്യാമമിട്ടത്. അതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും യുവജന വിദ്യാര്‍ഥി സംഘടനകളില്‍ നിന്നും വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

വൈദ്യപരിശോധനക്ക് കൊണ്ടുപോകുമ്പോള്‍ കയ്യാമം വെക്കണമെന്ന മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് കയ്യാമമിട്ടതെന്നാണ് പൊലീസ് വിശദീകരണം. എന്നാല്‍ വൈദ്യപരിശോധനക്ക് ശേഷവും കയ്യാമമിട്ടുവെന്നാണ് വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

Tags:    

Writer - vishnu ps

Multimedia Journalist

Editor - vishnu ps

Multimedia Journalist

By - Web Desk

contributor

Similar News