'മുഖ്യമന്ത്രി സംഘ്പരിവാറിന് ചവിട്ടിക്കയറാൻ മാറ് വിരിച്ച് കാണിക്കുന്നു'; വിവാദ ഖലീഫ പ്രസ്താവനയിൽ പി.കെ നവാസ്

'ഖലീഫ' നാടകം ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷ വോട്ടുകൾ നഷ്ടപ്പെട്ടെന്ന ബോധ്യത്തിന്റെ പരിഹാരക്രിയയാണെന്നും നവാസ് പറഞ്ഞു.

Update: 2024-10-27 15:27 GMT
Advertising

മലപ്പുറം: സംഘ്പരിവാറിന് ചവിട്ടിക്കയറാൻ മാറ് തന്നെ വിരിച്ച് കാണിക്കുകയാണ് സിപിഎമ്മും മുഖ്യമന്ത്രിയുമെന്ന് എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ നവാസ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷ വോട്ടുകൾ പെട്ടിയിൽ വീണില്ല എന്ന ബോധ്യത്തിൻ്റെ പരിഹാര ക്രിയകൾ നടത്താനാണ് സിപിഎം 'ഖലീഫ' നാടകം പുറത്തെടുക്കുന്നതെന്നും നവാസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ വിവാദമായ ഖലീഫാ പ്രസ്താനയ്ക്കെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിമർശനം.

നാല് ഖലീഫമാരുടെ ഭരണം ലോകചരിത്രത്തിൻ്റെ ശ്രദ്ധേയമായ അധ്യായങ്ങളാണ്. സത്യവും ധർമവും നീതിയും നിറഞ്ഞ മാതൃകാ ഭരണകൂടങ്ങൾ. ഖലഫ ഉമറിൻ്റെ ഭരണം സ്വതന്ത്ര ഇന്ത്യ ആവശ്യപ്പെടുന്നു എന്ന മഹാത്മാവിൻ്റെ സംസാരം, അത് ലോക ചരിത്രത്തിലെ മാതൃകാ പുസ്തകം ആയതിനാലാണ്. അത്തരം ഒരു ഭരണത്തിലേക്കുള്ള മടങ്ങിപ്പോക്ക്, സാമൂഹികനീതിയും മൂല്യാധിഷ്ഠിതമായ നിർമിതിയിലേക്കും സമൂഹത്തെ നയിക്കും എന്നതിൽ തർക്കമില്ല. എന്നാൽ സിപിഎം നേതാക്കൾ ചരിത്രബോധമില്ലാത്ത പാഴ് വർത്തമാനങ്ങൾ തുടരുകയാണെന്ന് പി.കെ നവാസ് പറഞ്ഞു.

സംഘ്പരിവാറിനെ തലോടുന്ന ഇത്തരം ചരിത്രവിരുദ്ധ പ്രസ്താവനകളിലൂടെ ഭൂരിപക്ഷ വർഗീയത പുഷ്ടിപ്പെടും. അത് പാർട്ടിക്ക് ഗുണപരമാകും എന്ന തീവ്ര വലത് രാഷ്ട്രീയ ആലോചനകളിലേക്ക് സിപിഎം എത്തിച്ചേർന്നിരിക്കുന്നു. കേരളമെന്ന മതേതര പരിപ്രേക്ഷ്യത്തിൽ നിന്ന് സംഘ്പരിവാറിന് ആവശ്യമായ രാഷ്ട്രീയ മൂലധനം പാകം ചെയ്യുന്നതിൽ വിയർപ്പ് ഉറ്റുമാറ് സിപിഎം പണിയെടുക്കുന്നുണ്ട്. ചരിത്രത്തിൻ്റെ പിന്നാമ്പുറങ്ങളിൽ സിപിഎം നേതാക്കൾ ഇട്ടിട്ടുപോയ ഇത്തരം പ്രസ്താവനകളും മുദ്രാവാക്യങ്ങളുമായാണ് സംഘ്പരിവാർ കാലക്രമത്തിൽ പ്രത്യക്ഷപ്പെടുക എന്ന സാമാന്യ ബോധം പോലും പാർട്ടിക്ക് നഷ്ടപ്പെട്ടിരിക്കുന്നു- പി.കെ നവാസ് കൂട്ടിച്ചേർത്തു.

ശനിയാഴ്ച സിപിഎം നേതാവ് പി. ജയരാജന്റെ പുസ്‌തക പ്രകാശന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പരാമർശം. ’ജമാഅത്തെ ഇസ്‌ലാമി പഴയതിൻ്റെ പുനരുജ്ജീവനത്തിനാണ് ശ്രമിക്കുന്നത്. ഖലീഫമാരുടെ കാലത്തേക്ക് സമുദായത്തെ തിരിച്ചുകൊണ്ടുപോകാനാണ് അവരുടെ ശ്രമം’- എന്നായിരുന്നു മുഖ്യമന്ത്രി പ്രസംഗിച്ചത്. ഇതാണ് വിവാദമായത്. പരാമർശത്തിനെതിരെ വിവിധ മുസ്‌ലിം സംഘടനകളും മുസ്‌ലിം ലീ​ഗ്, കോൺ​ഗ്രസ് നേതാക്കളും വിമർശനവുമായി രം​ഗത്തെത്തിയിരുന്നു.

പി.കെ നവാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇസ്‌ലാന്റെ നാല് ഖലീഫമാരുടെ ഭരണം ലോക ചരിത്രത്തിൻ്റെ ശ്രദ്ധേയമായ അധ്യായങ്ങളാണ്. സത്യവും ധർമവും നീതിയുമെല്ലാം നിറഞ്ഞ മാതൃകാ ഭരണകൂടങ്ങൾ. ഖലഫ ഉമർ (റ) വിൻ്റെ ഭരണം സ്വതന്ത്ര ഇന്ത്യ ആവശ്യപ്പെടുന്നു എന്ന മഹാത്മാവിൻ്റെ സംസാരം, അത് ലോക ചരിത്രത്തിലെ മാതൃകാ പുസ്തകം ആയതിനാലാണ്.

അത്തരം ഒരു ഭരണത്തിലേക്കുള്ള മടങ്ങിപ്പോക്ക്, സാമൂഹ്യ നീതിയും മൂല്യാധിഷ്ഠിതമായ നിർമ്മിതിയിലേക്കും സമൂഹത്തെ നയിക്കും എന്നതിൽ തർക്കമില്ല. എന്നാൽ സി.പി.എം നേതാക്കൾ ചരിത്രബോധമില്ലാത്ത പാഴ് വർത്തമാനങ്ങൾ തുടരുകയാണ്. സംഘപരിവാറിന് ചവിട്ടിക്കയറാൻ മാറ് തന്നെ വിരിച്ച് കാണിക്കുകയാണ് സി.പി.എമ്മും മുഖ്യമന്ത്രിയും ചെയ്യുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷ വോട്ടുകൾ പെട്ടിയിൽ വീണില്ല എന്ന ബോധ്യത്തിൻ്റെ പരിഹാര ക്രിയകൾ നടത്താനാണ് സിപിഎം ഇത്തരം 'ഖലീഫ' നാടകം പുറത്ത് എടുക്കുന്നത്.

സംഘപരിവാറിനെ തലോടുന്ന ഇത്തരം ചരിത്ര വിരുദ്ധ പ്രസ്താവനകളിലൂടെ ഭൂരിപക്ഷ വർഗീയത പുഷ്ടിപ്പെടും, അത് പാർട്ടിക്ക് ഗുണപരമാകും എന്ന തീവ്ര വലത് രാഷ്ട്രീയ ആലോചനകളിലേക്ക് സിപിഎം കാലങ്ങളായ സഞ്ചാരം കൊണ്ട് എത്തിച്ചേർന്നിരിക്കുന്നു. കേരളമെന്ന മതേതര പരിപ്രേക്ഷ്യത്തിൽ നിന്ന് സംഘപരിവാറിന് ആവശ്യമായ രാഷ്ട്രീയ മൂലധനം പാകം ചെയ്യുന്നതിൽ വിയർപ്പ് ഉറ്റുമാറ് സി.പി.എം പണിയെടുക്കുന്നുണ്ട്.

ചരിത്രത്തിൻ്റെ പിന്നാമ്പുറങ്ങളിൽ സി.പി.എം നേതാക്കൾ ഇട്ടു പോയ ഇത്തരം പ്രസ്താവനകളും മുദ്രാവാക്യങ്ങളുമായാണ് സംഘപരിവാർ കാലക്രമത്തിൽ പ്രത്യക്ഷപ്പെടുക എന്ന സാമാന്യ ബോധം പോലും സി.പി.എമ്മിന് നഷ്ടപ്പെട്ടിരിക്കുന്നു.


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News