മുഹമ്മദ് സൗഹാനെ കണ്ടെത്താനായില്ല; നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
കഴിഞ്ഞ പതിനാലിനാണ് മുഹമ്മദ് സൗഹാനെ വീടിന് പരിസരത്ത് നിന്ന് കാണാതാകുന്നത്
മലപ്പുറം അരീക്കോട് ഊര്‍ങ്ങാട്ടേരിയിലെ 15കാരന്‍ മുഹമ്മദ് സൗഹാന്‍റെ തിരോധാനത്തിൽ നാട്ടുകാർ ആക്ഷൻ കമ്മറ്റി രൂപീകരിച്ചു. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ആക്ഷൻ കമ്മിറ്റി ആരോപിക്കുന്നു. അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു.
കഴിഞ്ഞ പതിനാലിനാണ് മുഹമ്മദ് സൗഹാനെ വീടിന് പരിസരത്ത് നിന്ന് കാണാതാകുന്നത്. ദിവസങ്ങളോളം വീടിനോട് ചേര്‍ന്ന വനത്തില്‍ നൂറുകണക്കിനാളുകള്‍ കുട്ടിക്ക് വേണ്ടി തിരച്ചില്‍ നടത്തിയിരുന്നു. കാണാതായി 13 ദിവസമായിട്ടും ഒരു വിവരവും ലഭിക്കാത്തതിനാലാണ് ആക്ഷന്‍ കമ്മറ്റി പൊലീസ് അന്വേഷണത്തിനെതിരെ രംഗത്തെത്തുന്നത്. നിലവിലെ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും അന്വേഷണത്തിന്‍റെ തുടക്കത്തിൽ പൊലീസിന്‍റെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായെന്നും ആക്ഷൻ കമ്മറ്റി അംഗം പറഞ്ഞു.
മാനസിക ശാരീരീക ബുദ്ധിമുട്ടുകളുള്ള മുഹമ്മദ് സൗഹാൻ വീടിന് പരിസരം വിട്ടു പോയിട്ടുണ്ടാകില്ലെന്നായിരുന്നു നിഗമനം. പ്രദേശവാസികളുടെ മൊഴി അനുസരിച്ച് വീടിന് സമീപം വ്യാപക തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താനാകാത്തതോടെയാണ് അന്വേഷണം ഊർജിതമാക്കണമെന്ന ആവശ്യം ശക്തമാകുന്നത്.