സമ്മേളനത്തിൽ ഒരുതരത്തിലുള്ള വിമർശനവും ഉണ്ടായിട്ടില്ല; നിരാശാവാദികളുടെ കോക്കസ് നടത്തിയ പ്രചാരണം: മുഹമ്മദ് റിയാസ്
ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളത്തിന്റെ ചർച്ചയിൽ മുഹമ്മദ് റിയാസ്, എഎ റഹീം, എസ്. സതീഷ് കോക്കസാണ് സംഘടനയെ നയിക്കുന്നതെന്ന് വിമർശനമുയർന്നതായി റിപ്പോർട്ടുണ്ടായിരുന്നു.
പത്തനംതിട്ട: ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിൽ ദേശീയ നേതൃത്വത്തിനെതിരെ വിമർശനമുണ്ടായെന്ന വാർത്തകൾ നേതാക്കൾ തള്ളി. ഒരു തരത്തിലുള്ള വിമർശനവും ഉണ്ടായിട്ടില്ല. നിരാശാവാദികളുടെ കോക്കസ് നടത്തിയ പ്രചാരണമാണ് നടക്കുന്നത്. സമ്മേളനം പോലും നടത്താത്ത സംഘടനകൾക്ക് സ്വാഭാവികമായും പ്രയാസമുണ്ടാകും. കേന്ദ്ര നേതൃത്വം നല്ല രീതിയിൽ പ്രക്ഷോഭത്തിൽ പങ്കെടുത്തെന്നാണ് സമ്മേളനം വിലയിരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
സംഘടനയെ മുന്നോട്ടു നയിക്കുന്ന ഗുണപരമായ ചർച്ചയാണ് നടന്നതെന്ന് സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറഞ്ഞു. മാധ്യമങ്ങൾ ബോധപൂർച്ചം കെട്ടിച്ചമച്ച വാർത്തകൾ പ്രചരിപ്പിക്കുകയാണ്. വലതുപക്ഷത്തിന്റെ നാവായാണ് മാധ്യമങ്ങൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രവർത്തന റിപ്പോർട്ടിൽ യൂത്ത് ലീഗിനെക്കുറിച്ചുള്ള പരാമർശങ്ങൾ വേറെ രീതിയിൽ കാണേണ്ടതില്ലെന്ന് സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് പറഞ്ഞു. ഇതിനെ രാഷ്ട്രീയ സമീപനമായി കൂട്ടിവായിക്കേണ്ട. ഓരോ സംഘടനയുടേയും ശേഷിയും ബലഹീനതയും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളത്തിന്റെ ചർച്ചയിൽ മുഹമ്മദ് റിയാസ്, എഎ റഹീം, എസ്. സതീഷ് കോക്കസാണ് സംഘടനയെ നയിക്കുന്നതെന്ന് വിമർശനമുയർന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഇത് നിഷേധിച്ചുകൊണ്ടാണ് നേതാക്കളുടെ പ്രസ്താവന.