സഹായം അഭ്യര്‍ഥിച്ച് വിളിച്ച വിദ്യാര്‍ഥിയോട് മുകേഷ് എംഎല്‍എ കയര്‍ത്ത് സംസാരിച്ചെന്ന് ആരോപണം
കൂട്ടുകാരനാണ് മുകേഷിന്റെ നമ്പർ നൽകിയതെന്ന് അറിയിച്ചപ്പോൾ ആ നമ്പർ തന്ന കൂട്ടുകാരന്റെ കരണക്കുറ്റിക്ക് അടിക്കണമെന്നായിരുന്നു എം.എൽ.എയുടെ പ്രതികരണം. '
സഹായം അഭ്യർത്ഥിക്കാൻ വിളിച്ച വിദ്യാർഥിയോട് മുകേഷ് എം.എൽ.എ കയർത്ത് സംസാരിച്ചെന്ന് ആരോപണം. ഇതിന്‍റെ ഓഡിയോ സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പാലക്കാട് നിന്നാണ് വിളിക്കുന്നതെന്ന് പരിചയപ്പെടുത്തിയ വിദ്യാർഥി അത്യാവശ്യകാര്യം പറയാനാണ് വിളിക്കുന്നതെന്ന് പറഞ്ഞപ്പോൾ ആറ് പ്രാവശ്യം എന്തിനാണ് വിളിച്ചതെന്ന് ചോദിച്ച മുകേഷ്. പാലക്കാട് നിന്ന് കൊല്ലം എംഎൽഎയെ വിളിക്കേണ്ട ഒരു കാര്യവുമില്ലെന്ന് വിദ്യാർഥിയോട് പറയുന്നു. പത്താം ക്ലാസ് വിദ്യാർഥിയാണ് വിളിക്കുന്നതെ്ന്ന് പറഞ്ഞപ്പോൾ എന്ത് ആവശ്യമാണെങ്കിലും പാലക്കാട് എംഎൽഎ ജീവനോടെയില്ലേ ? മുകേഷ് ചോദിച്ചു.
തന്റെ കൂട്ടുകാരനാണ് മുകേഷിന്റെ നമ്പർ നൽകിയതെന്ന് അറിയിച്ചപ്പോൾ ആ നമ്പർ തന്ന കൂട്ടുകാരന്റെ കരണക്കുറ്റിക്ക് അടിക്കണമെന്നായിരുന്നു എം.എൽ.എയുടെ പ്രതികരണം. 'സ്വന്തം മണ്ഡലത്തിലുള്ള എംഎൽഎയുടെ നമ്പർ തരാതെ വേറെയേതോ രാജ്യത്തുള്ള എംഎൽഎയുടെ നമ്പർ തന്ന അവൻ എന്നിട്ട് എന്താ പറഞ്ഞത് ?' മുകേഷ് ചോദിച്ചു. വിളിച്ചു നോക്കാൻ പറഞ്ഞുവെന്ന് വിദ്യാർഥി പറഞ്ഞപ്പോൾ വേണ്ട ആദ്യം സ്വന്തം എംഎൽഎയെ വിളിച്ചിട്ട് മാത്രം എന്നെ വിളിച്ചാൽ മതിയെന്ന് മുകേഷ് പറഞ്ഞു.
ഇതിപ്പോൾ സ്വന്തം എംഎൽഎ മരിച്ചുപോയതു പോലെയാണല്ലോ നിങ്ങൾ എന്നെ വിളിക്കുന്നത്-മുകേഷ് ചോദിച്ചു.
താൻ ഒരു പ്രധാനപ്പെട്ട യോഗത്തിൽ ഇരിക്കുമ്പോൾ ആറ് പ്രാവശ്യമെല്ലാം വിളിക്കാൻ ' പിള്ളേര് കളിയാണോ ' എന്നും എംഎൽഎ ചോദിച്ചു. വിദ്യാർഥി സോറി പറഞ്ഞെങ്കിലും അത് കണക്കിലെടുക്കാതെ മുകേഷ് ശകാരം തുടർന്നു. 'സോറിയൊന്നുമല്ല ഇത് വിളച്ചിൽ ഒരാളെ ശല്യപ്പെടുത്തുക. സ്വന്തം എംഎൽഎയെ ഡൂക്കിലിയാക്കിയിട്ട് ബഫൂണാക്കിയിട്ട് വേറെ നാട്ടിലുള്ള എംഎൽഎയെ വിളിക്കുക' -മുകേഷ് ശകാരം തുടർന്നു.
ഒറ്റപ്പാലത്തു നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞപ്പോൾ ഒറ്റപ്പാലം എംഎൽഎ ആരാണെന്ന് ചോദിക്കുന്ന മുകേഷിനോട് അറിയില്ലെന്ന് വിദ്യാർഥി തിരിച്ചുപറഞ്ഞതോടെ ' സ്വന്തം എംഎൽഎ ആരാണെന്ന് അറിയാത്ത നീയൊക്കെ എന്റെ മുമ്പിലുണ്ടായിരുന്നെങ്കിൽ ചൂരൽ വിച്ച് അടിച്ചേനേ' എന്നായിരുന്നു മുകേഷിന്റെ പ്രതികരണം. മേലാൽ എംഎൽഎയെ വിളിക്കാതെ എന്നെ വിളിക്കരുതെന്ന മുകേഷിന്റെ മുന്നറിയിപ്പുമായാണ് ശബ്ദസന്ദേശം അവസാനിക്കുന്നത്. അതേസമയം ശബ്ദസന്ദേശത്തെ കുറിച്ച് മുകേഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല. എപ്പോഴാണ് ഈ സംഭവം നടന്നതെന്നും ആരാണ് വിളിച്ചതെന്നും എന്ന രീതിയിലുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ശബ്ദ സന്ദേശത്തിന്റെ ആധികാരികതയും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.