'മുകേഷ് എം.എൽ.എ രാജിവെക്കണം': 100 സ്ത്രീപക്ഷ പ്രവർത്തകർ ഒപ്പിട്ട് പ്രസ്താവന
ഒപ്പിട്ടവരിൽ കെ. അജിത, സാറാ ജോസഫ്, കെ.ആർ മീര എന്നിവരും
തിരുവനന്തപുരം: ലൈംഗികാരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ നടൻ മുകേഷ് എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് സ്ത്രീപക്ഷപ്രവർത്തകർ. 100 പേരാണ് പ്രസ്താവനയിൽ ഒപ്പിട്ടിരിക്കുന്നത്. ഇതിൽ സാറാ ജോസഫ്, കെ. അജിത, കെ. ആർ മീര എന്നിവർ ഉൾപ്പെടുന്നുണ്ട്.
'ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ മുകേഷ് എം.എൽ.എ സ്ഥാനം സ്വയം രാജിവയ്ക്കേണ്ടതാണ്. അദ്ദേഹം അതിന് തയ്യാറാകാത്ത സാഹചര്യത്തിൽ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെടുകയോ ആ സ്ഥാനത്ത് നിന്ന് മാറ്റുകയോ ചെയ്യാൻ സർക്കാർ തയ്യാറാകണം. സിനിമ നയരൂപീകരണ കമ്മറ്റിയിൽ നിന്നും സിനിമ കോൺക്ലേവിൻ്റെ ചുമതലകളിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്യണം. അല്ലാത്തപക്ഷം മുകേഷിന് കേരളത്തിലെ സ്ത്രീകളുടെ കടുത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്ന് ഓർമപ്പെടുത്തുന്നു.
ഗാർഹിക പീഡനം, ബലാത്സംഗം, തൊഴിൽ മേഖലയിലെ ലൈംഗിക പീഡനം തുടങ്ങി നിരവധി ആരോപണങ്ങൾ മുകേഷിൻ്റെ പേരിലുണ്ട്. നിയമനിർമാണ സഭയിലെ അംഗം എന്ന നിലയിൽ ഉത്തരവാദിത്തമുള്ള ഒരു പദവിയാണ് എം.എൽ.എ സ്ഥാനം. സിനിമാ മേഖലയിൽ നിന്ന് തന്നെ ആരോപണങ്ങൾ നേരിടുന്നയാളെ സർക്കാർ വീണ്ടും സിനിമാനയം രൂപീകരിക്കുന്ന കമ്മറ്റിയിൽ ഉൾപ്പെടുത്തിയത് സ്ത്രീകളെ അവഹേളിക്കലാണ്.'- പ്രസ്താവനയിൽ പറയുന്നു.