മുല്ലപ്പെരിയാര്‍; 2026നുള്ളിൽ സുരക്ഷാ പരിശോധന നടത്തിയാൽ മതിയെന്ന് തമിഴ്നാട്

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ സത്യവാങ്മൂലത്തിന് തമിഴ്‌നാട് മറുപടി നൽകി

Update: 2022-03-23 07:36 GMT
Advertising

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ സത്യവാങ്മൂലത്തിന് തമിഴ്നാട് മറുപടി നൽകി. അന്താരാഷ്ട്ര വിദഗ്ധരുടെ സമിതി വേണ്ടെന്നും 2026നുള്ളിൽ സുരക്ഷാ പരിശോധന നടത്തിയാൽ മതിയെന്നായിരുന്നു തമിഴ്നാടിന്‍റെ മറുപടി. 

മുല്ലപ്പെരിയാർ അണക്കെട്ടും,ബേബി ഡാമും ബലപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് കേരളം തമിഴ്നാടിനെ പരിഗണനാ വിഷയങ്ങള്‍ അറിയിച്ചത്. അഞ്ച് പരിഗണനാ വിഷയങ്ങളാണ് കേരളം സമർപ്പിച്ചത്. റൂൾ കർവ്, ഇൻസ്‌ട്രമെന്റേഷൻ, ഗേറ്റ് ഓപ്പറേഷൻ ഷെഡ്യുൾ, മേൽനോട്ട സമിതിയുടെ പുനഃസംഘടിപ്പിക്കൽ, പുതിയ ഡാമിന്‍റെ അനിവാര്യത. ഇക്കാര്യങ്ങൾ പരിശോധിക്കണമെന്നായിരുന്നു കേരളത്തിന്‍റെ ആവശ്യം.

മുല്ലപ്പെരിയാർ കേസിൽ സുപ്രിം കോടതിയിൽ ഇന്ന് അന്തിമ വാദമാണ് ആരംഭിച്ചത്. അണക്കെട്ടിന്‍റെ സുരക്ഷ രാജ്യാന്തര വിദഗ്ധര്‍ അടങ്ങുന്ന സംഘം പരിശോധിക്കണമെന്ന കേരളത്തിന്‍റെ ആവശ്യത്തിലാണ് തമിഴ്നാട് സർക്കാർ ഇന്ന് മറുപടി സത്യവാങ്മൂലം നൽകിയത്. അണക്കെട്ടുകളുടെ പരിശോധനയ്ക്കായി 2018ൽ തയ്യാറാക്കിയ മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തിൽ ആയിരിക്കണം വിദഗ്ധ പരിശോധന എന്നും കേരളം ആവശ്യപ്പെട്ടിരുന്നു.

അണക്കെട്ടിൽ ഇപ്പോള്‍ സുരക്ഷാ പരിശോധന നടത്തേണ്ടതില്ലെന്ന വാദമാണ് തമിഴ്നാട് സർക്കാർ മുന്നോട്ട് വെച്ചത്. കാലപ്പഴക്കം പരിഗണിച്ച് അണക്കെട്ടിൽ സുരക്ഷാ പരിശോധന നടത്താമെന്ന് കേന്ദ്ര ജലകമ്മീഷനും കോടതിയെ അറിയിച്ചിട്ടുണ്ട്. ജസ്റ്റിസ് എം.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News