ആടിയുലഞ്ഞ് കോണ്‍ഗ്രസ്; പരാജയത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായി മുല്ലപ്പള്ളി
തന്നെ അധ്യക്ഷനാക്കിയ ഹൈക്കമാന്‍റിന് എന്ത് തീരുമാനവും എടുക്കാമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു
നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ആഘാതത്തില്‍ ആടിയുലഞ്ഞ് കോണ്‍ഗ്രസ്. പരാജയത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍റിനെ അറിയിച്ചു. തന്നെ അധ്യക്ഷനാക്കിയ ഹൈക്കമാന്‍റിന് എന്ത് തീരുമാനവും എടുക്കാമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. കോണ്‍ഗ്രസിന്‍റെ സംഘടനാ സംവിധാനമാകെ അഴിച്ചു പണിയണമെന്ന ആവശ്യം എ ഗ്രൂപ്പും മുന്നോട്ട് വെച്ചു. അതിനിടെ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി വെള്ളിയാഴ്ച ചേരാൻ തീരുമാനമായി.
നടുക്കടലില്‍ ദിക്കറിയാതെ ആടിയുലയുന്ന കപ്പലായി മാറിയിരിക്കുന്നു തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ്. പരാജയത്തിന്‍റെ ഉത്തരവാദിത്തം മറ്റാര്‍ക്കും മേല്‍ ചാരാതെ കെപിസിസി അധ്യക്ഷനെന്ന കപ്പിത്താന്‍ തന്നെ ഏറ്റെടുത്തിരിക്കുന്നു. കേരളത്തിലെ തോല്‍വിയെ കുറിച്ച് റിപോര്‍ട്ട് നല്‍കാന്‍ എഐസിസി ജനറല്‍ സെക്രട്ടറിയെ ഹൈക്കമാന്‍റ് നിയോഗിച്ചു. ഇതിന് തൊട്ടു പിന്നാലെയാണ് പൂര്‍ണ ഉത്തരവാദിത്തം തനിക്കാണെന്നാണ് മുല്ലപ്പള്ളി ഹൈക്കമാന്‍റിനെ അറിയിച്ചത്. പ്രതിസന്ധി ഘട്ടത്തില്‍ ഇട്ടെറിഞ്ഞു പോകുന്നത് ഒളിച്ചോട്ടമായതിനാല്‍ താന്‍ സ്വയം അധ്യക്ഷ സ്ഥാനം ഒഴിയില്ലെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. തന്നെ അധ്യക്ഷനാക്കിയ ഹൈക്കമാന്‍റിന് തന്നെ ഉചിതമായ നടപടി സ്വീകരിക്കാമെന്നും നേതൃത്വത്തെ അറിയിച്ചു.
നേതൃത്വത്തിനെതിരെ കൂടുതല്‍ നേതാക്കള്‍ പരസ്യമായി രംഗത്ത് വരുന്നതും തുടരുകയാണ്. സംഘടനാ ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാറും രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തി. പാര്‍ട്ടിയില്‍ അഴിച്ചു പണി വേഗത്തില്‍ വേണമെന്നാണ് എ ഗ്രൂപ്പിന്‍റെ ആവശ്യം. കെസി ജോസഫടക്കമുള്ള പ്രമുഖര്‍ തന്നെ ഇത് പരസ്യമായ ഉന്നയിച്ചു കഴിഞ്ഞു.