'എന്റെ അമ്മ പോയി,ആങ്ങളയുടെ പിഞ്ചുമക്കളെയും കാണാനില്ല, എനിക്കവരെ വേണം'; നെഞ്ചുപൊള്ളിച്ച് ഉറ്റവരുടെ വിലാപങ്ങൾ

പ്രിയപ്പെട്ടവരെ അവസാനമായെങ്കിലും ഒരുനോക്ക് കാണാൻ കഴിയണേ എന്ന പ്രാർഥനയാണ് ദുരിതാശ്വാസ ക്യാമ്പുകളിലെങ്ങും

Update: 2024-07-31 09:10 GMT
Editor : Lissy P | By : Web Desk
Advertising

മേപ്പാടി:'എന്റെ അമ്മ പോയി കിട്ടി, ആങ്ങളയുടെ രണ്ട് മക്കളെയും കാണാനില്ല..എനിക്കവരെ വേണം'.. മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലെ  യുവതി  വിതുമ്പി. 'ആങ്ങളെയും നാത്തൂനെയും എങ്ങനെയൊക്കയോ രക്ഷപ്പെടുത്തി.അവർ രണ്ടുപേരും ഐ.സി.യുവിലാണ്. അവരുടെ പിഞ്ചുമക്കളെയാണ് കാണാതായത്. അമ്മയുടെയും പിഞ്ചുമക്കളുടെയും പൊടിപോലും കിട്ടിയില്ല.എനിക്കവരെ വേണം'..കേൾക്കുന്നവരുടെ നെഞ്ച് പൊള്ളിക്കുന്നതായിരുന്നു അവരുടെ കരച്ചിൽ..

ഒരു രാത്രി കൊണ്ട് എല്ലാം നഷ്ടമായ മനുഷ്യരുടെ നിസ്സഹായതയാണ് ദുരിതാശ്വാസ ക്യാമ്പുകളിലെങ്ങും. ഉറ്റവരെ ഇനിയും കണ്ടെത്താനാകാതെ മനസ്സ് തകർന്നിരിക്കുന്നവരാണ് അവരിലേറെപ്പേരും. കാണാതായവരുടെ പേര് പറഞ്ഞ് പലരും വിങ്ങിവിങ്ങിക്കരയുന്നു..കൺമുന്നിലൂടെ കൈവിട്ടുപോയവരെ ഓർത്ത് പൊട്ടിക്കരയുന്നവരും ഏറെ. അമ്മയെ കാണാതായവർ,മക്കളെ കാത്തിരിക്കുന്നവർ..മരവിച്ച മനസുമായി അവരെല്ലാം ഓരോ മണിക്കൂറുകളും കഴിച്ചുകൂട്ടുകയാണ്. പ്രിയപ്പെട്ടവരെ അവസാനമായെങ്കിലും ഒരുനോക്ക് കാണാൻ കഴിയണേ എന്ന പ്രാർഥനയിൽ മാത്രമാണ് അവരിൽ പലരും നിമിഷങ്ങളെണ്ണി കാത്തിരിക്കുന്നത്.

അതേസമയം, മുണ്ടക്കൈ ഉരുൾപ്പൊട്ടലിൽ മരണം 176ആയി. 94 മൃതദേഹം തിരിച്ചറിഞ്ഞു. ദുരന്തമുഖത്ത് രക്ഷാദൗത്യം പുരോഗമിക്കുകയാണ്. വീടുകൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നവരിലേക്ക് അതിവേഗമെത്താനാണ് ശ്രമം. നാല് സംഘങ്ങളായി തിരിഞ്ഞ് 150 രക്ഷാപ്രവർത്തകരാണ് ഇന്ന് മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം തുടങ്ങിയത്. എന്നാൽ ജെ.സി.ബി. ഉൾപ്പെടെയുള്ള യന്ത്രങ്ങൾ എത്തിക്കാൻ സാധിക്കാത്തതിനാൽ വിശദമായ പരിശോധന ദുഷ്കരമാണ്.ഡോഗ് സ്ക്വാഡിനെ ഉൾപ്പെടെ പ്രയോജനപ്പെടുത്തിയാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിലെ തിരച്ചിൽ. സൈന്യം നിർമിക്കുന്ന താൽക്കാലിക പാലം പൂർത്തിയാകുന്നതോടെ രക്ഷാപ്രവർത്തനം കൂടതൽ കാര്യക്ഷമമാകും.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News