മുണ്ടക്കൈ ടൗൺഷിപ്പ് വരുന്നത് എൽസ്റ്റോൺ-നെടുമ്പാല എസ്‌റ്റേറ്റുകളിൽ; പുനരധിവാസം അതിവേഗത്തിൽ, ഒറ്റഘട്ടമായി നടപ്പാക്കും
ടൗൺഷിപ്പിനു പുറത്ത് താമസിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ നൽകും
തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പുനരധിവാസം അതിവേഗത്തിൽ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുനരധിവാസം ഒറ്റഘട്ടമായി നടപ്പാക്കും. എൽസ്റ്റോൺ എസ്റ്റേറ്റിന്റെ 58 ഹെക്ടറിലും നെടുമ്പാലയിലെ 48.96 ഹെക്ടറിലുമായി രണ്ട് ടൗൺഷിപ്പുകളാണ് വരുന്നത്. ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിർമാണ കരാർ നൽകിയിരിക്കുന്നത്. ടൗൺഷിപ്പിനു പുറത്ത് താമസിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ നൽകും. വിലങ്ങാട് ദുരന്തബാധിതർക്കും 15 ലക്ഷവും നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ദുരന്തനിവാരണ വകുപ്പ് ആണ് ടൗൺഷിപ്പ് പദ്ധതിയുടെ ഭരണവകുപ്പിന്റെ ചുമതല വഹിക്കുക. മുഖ്യമന്ത്രി അധ്യക്ഷനായ പുനർനിർമാണ സമിതിക്കായിരിക്കും മേൽനോട്ട ചുമതല. ഇതിനായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും ഉൾപ്പെട്ട ഉപദേശക സമിതി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിസഭാ യോഗത്തിൽ വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിലെ പുനരധിവാസമായി ബന്ധപ്പെട്ട് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. തുടക്കം മുതൽ പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനാണ് സർക്കാർ ശ്രമിച്ചിരുന്നത്. പുനരധിവാസ പ്രവർത്തനം അതിവേഗത്തിൽ പൂർത്തീകരിക്കും. കിടപ്പാടം നഷ്ടപ്പെട്ട എല്ലാവരെയും ഒരുമിച്ച് ഒരു സ്ഥലത്ത് താമസിപ്പിക്കുക വയനാട്ടിൽ സാധ്യമല്ല. ഉപജീവനമാർഗം ഉൾപ്പെടെയുള്ള പുനരധിവാസമാണ് ലക്ഷ്യമിടുന്നത്. സഹായം നൽകാൻ ആഗ്രഹിക്കുന്ന എല്ലാവരെയും ചേർത്തുപിടിക്കും. എല്ലാ കാര്യങ്ങളും ഏകോപിപ്പിച്ച് പുനരധിവാസം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുണ്ടക്കൈയുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതിവിധി സർക്കാരിന് അനുകൂലമാണ്. ഭൂമി ഏറ്റെടുക്കലിൽ സർക്കാരിന് അനുകൂലമായ വിധി കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. ഡ്രോൺ സർവേയിലൂടെയാണ് ടൗൺഷിപ്പിനായി ഭൂമി കണ്ടെത്തിയത്. ഫീൽഡ് സർവേ നടന്നുകൊണ്ടിരിക്കുകയാണ്. 58 ഹെക്ടർ ഭൂമി എൽസ്റ്റോൺ എസ്റ്റേറ്റിലും 48.96 ഹെക്ടർ ഭൂമി നെടുമ്പാലയിലും കണ്ടെത്തിയിട്ടുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശം അവരവർക്ക് തന്നെയായിരിക്കും നൽകുക. ഭൂമി ഉടമകളിൽനിന്ന് അന്യംനിന്നുപോകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ദുരന്തമുണ്ടായ ഭൂമി വനഭൂമിയായി മാറാൻ അനുവദിക്കില്ല. ടൗൺഷിപ്പ് പദ്ധതിയുടെ ഭരണവകുപ്പായി ദുരന്തനിവാരണ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഊരാളുങ്കലാണ് നിർമാണത്തിന്റെ കരാറുകാർ. മുഖ്യമന്ത്രി അധ്യക്ഷനായ പുനർനിർമാണ സമിതിക്കായിരിക്കും മേൽനോട്ട ചുമതല. ഇതിനായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും ഉൾപ്പെട്ട ഉപദേശക സമിതി രൂപീകരിക്കും. ടൗൺഷിപ്പിനു പുറത്ത് താമസിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Summary: Mundakkai Township is coming up in Elstone-Nedumbala Estates; Rehabilitation will be implemented quickly and in single phase, says Chief Minister Pinarayi Vijayan