ഗിന്നസ് നൃത്തപരിപാടി; കലൂർ സ്റ്റേഡിയം വിട്ടുനല്‍കിയതില്‍ ഉന്നത ഇടപെടല്‍
സ്റ്റേഡിയത്തിലെ ടർഫിനെ നൃത്തപരിപാടി ബാധിക്കുമെന്നും എസ്റ്റേറ്റ് വിഭാഗം അറിയിച്ചു
കൊച്ചി: ഗിന്നസ് നൃത്തത്തിനായി കലൂർ സ്റ്റേഡിയം വിട്ടുനല്‍കിയതില്‍ ഉന്നത ഇടപെടല്‍. ബ്ലാസ്റ്റേഴ്സുമായി കരാറുള്ളതിനാല്‍ സ്റ്റേഡിയം വിട്ടുനല്‍കരുതെന്ന് ജിസിഡിഎ എസ്റ്റേറ്റ് വിഭാഗം നിലപാടെടുത്തു. സ്റ്റേഡിയത്തിലെ ടർഫിനെ നൃത്തപരിപാടി ബാധിക്കുമെന്നും എസ്റ്റേറ്റ് വിഭാഗം അറിയിച്ചു. ഇത് മറികടന്നാണ് ജിസിഡിഎ സ്റ്റേഡിയം മൃദംഗവിഷന് നല്‍കിയത്. അതിനിടെ സ്റ്റേഡിയം വിട്ട് നല്‍കിയതില്‍ അഴിമതി ആരോപിച്ച് വിജിലന്‍സിന് പരാതി നല്‍കി . കൊച്ചി സ്വദേശി ചെഷയർ ടാർസനാണ് പരാതി നൽകിയത്.
അതേസമയം കലൂർ സ്റ്റേഡിയത്തിലെ ഗിന്നസ് നൃത്തത്തിൽ ടിക്കറ്റ് വിറ്റ ബുക്ക് മൈ ഷോ ആപിനോട് കോർപറേഷന്‍ വിവരങ്ങള്‍ തേടി. വിറ്റ ടിക്കറ്റുകളുടെ എണ്ണം, വില എന്നിവയുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടു. ബുക് മൈ ഷോ ആപ്പിന് ഇന്ന് നോട്ടീസും നല്‍കും . വിനോദനികുതി വെട്ടിപ്പ് അന്വേഷിക്കുന്നതിന്‍റെ ഭാഗമായാണ് നോട്ടീസ്. മൃദംഗ വിഷനും ടിക്കറ്റ് വില്‍പന സംബന്ധിച്ച വിവരങ്ങള്‍ ഹാജരാക്കണം.
അതേസമയം നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം ഊർജിതമാക്കാൻ പൊലീസ്. കേസിലെ മുഖ്യപ്രതികളെ ചോദ്യം ചെയ്യും.നൃത്താധ്യാപകരുടെ മൊഴിയെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. പണപ്പിരിവിന് ഇടനിലക്കാരായി പ്രവർത്തിച്ചതിൽ ആവശ്യമെങ്കിൽ നൃത്ത അധ്യാപകരെയും കേസിൽ പ്രതിചേർക്കും.
അമേരിക്കയിലേക്ക് തിരിച്ചുപോയ നടി ദിവ്യ ഉണ്ണിയുടെ മൊഴി ഓൺലൈനായി രേഖപ്പെടുത്താനും നടൻ സിജോയ് വർഗീസിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും പൊലീസ് ആലോചിക്കുന്നുണ്ട്. ഒന്നാം പ്രതി നിഘോഷ് കുമാർ, രണ്ടാം പ്രതി നിഘോഷിന്‍റെ ഭാര്യ മിനി, മൂന്നാം പ്രതി ഷമീർ അബ്ദുൽ റഹീം എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.