'മൈക്രോ ഫിനാൻസ് ഏജന്‍റുമാർ ഇനിയും വീട്ടിൽ വരും, ചാകുമെങ്കിൽ ചത്ത് കാണിക്ക്'; പാലക്കാട്ട് യുവതിക്ക് പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭീഷണി
ഫിനാൻസ് അടവ് മുടങ്ങിയതിനാണ് ഭീഷണി
പാലക്കാട്: പാലക്കാട് വീട്ടമ്മയെ ഭീഷണിപ്പെടുത്തി മൈക്രോ ഫിനാൻസ് ഏജന്‍റിന്‍റെ സഹോദരനായ പൊലീസ് ഉദ്യോഗസ്ഥൻ. തന്‍റെ വീട്ടിൽ ഏജന്‍റ് വന്ന് പ്രശ്നമുണ്ടാക്കിയത് ചോദിക്കാൻ വിളിച്ചപ്പോഴാണ് സംഭവം. ഏജന്‍റുമാർ ഇനിയും വീട്ടിൽ വരുമെന്നും ചാകുന്നെങ്കിൽ ചത്ത് കാണിക്കാനും വീട്ടമ്മയോട് പറഞ്ഞു. സംഭവത്തിൽ മുട്ടികുളങ്ങര ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ അജിത്തിനെതിരെ ആലത്തൂർ പൊലീസ് കേസെടുത്തു.
ഒരു മൈക്രോഫിനാൻസ് സ്ഥാപനത്തിൽ നിന്നും എടുത്ത ലോണിന് 725 രൂപ അടവായിരുന്നു ഈ വീട്ടമ്മക്ക് ഉണ്ടായിരുന്നത് . ഭർത്താവിന് ജോലിക്ക് പോകാൻ സാധിക്കാതായതോടെ ഒരു അടവ് മാത്രം മുടങ്ങി . പിന്നാലെ ഏജന്‍റുമാര്‍ കൂട്ടമായി വീട്ടിലെത്തി ഇവരുടെ പെൺമക്കളെയും ഭർത്താവിനെയും നാട്ടുകാർക്ക് മുന്നിൽ നാണം കെടുത്തി . ഇത് ചോദ്യം ചെയ്യാൻ വീട്ടമ്മ ഏജന്‍റിനെ ഫോൺ വിളിച്ചപ്പോൾ സംസാരിച്ചത് സഹോദരനായ പൊലീസ് ഉദ്യോഗസ്ഥൻ . മൈക്രോഫിനാൻസ് സ്ഥാപനത്തിൻ്റെ ജീവനക്കാരെ പോലെയായിരുന്നു ഇയാളുടെ സംസാരം . ഇനിയും ഏജന്‍റുമാര്‍ വീട്ടിൽ വരുമെന്നും ചാകുന്നെങ്കിൽ ചത്തു കാണിക്കൂ എന്നുവരെ ഭീഷണി . പ്രായമായ പെൺകുട്ടികളെ വീട്ടിൽ വച്ച് എന്തിന് പുറത്തുപോയി എന്നും ഈ വീട്ടമ്മയോട് ഇയാൾ ചോദിച്ചു.
ആദ്യം ഭയന്നു പോയെങ്കിലും ചില സംഘടനകളുടെ പിന്തുണയോടെ പൊലീസ് ഉദ്യോഗസ്ഥനെതിരെ നിയമ പോരാട്ടം നടത്താൻ വീട്ടമ്മ തീരുമാനിച്ചു . തന്നെ ഭീഷണിപ്പെടുത്തിയ മുട്ടിക്കുളങ്ങര ക്യാമ്പിലെ അജിത്തിനെതിരെ ഇവർ പരാതി കൊടുത്തു . സംഭവം അന്വേഷിച്ച ആലത്തൂർ പൊലീസ് ഇയാളെ നാലാം പ്രതിയാക്കി കേസെടുത്തു . എന്നാൽ തുടർനടപടികൾ ഉണ്ടായിട്ടില്ല . വിഷയത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
പണം അടയ്ക്കാൻ പറ്റാത്തവരോട് പോയി ആത്മഹത്യ ചെയ്യൂ എന്ന് പറയുന്നത് ഏജന്‍റുമാരുടെ സ്ഥിരം പല്ലവിയാണ് . ഗത്യന്തരമില്ലാതെ നിരവധി ആളുകൾ പാലക്കാട് ജില്ലയിൽ ആത്മഹത്യ ചെയ്തിട്ടുണ്ട് . ഇവിടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ തന്നെയാണ് സാധാരണക്കാരെ സാധാരണക്കാരിയായ ഒരു വീട്ടമ്മ ഇങ്ങനെ ഭീഷണിപ്പെടുത്തുന്നത് . ഇതിലെ നിയമവശങ്ങളെക്കുറിച്ച് ഇത്തരം സാധാരണക്കാർക്ക് അറിവില്ലാത്തതാണ് ഇതുപോലുള്ള ആളുകളുടെ ധൈര്യം.