വയനാട് ദുരന്തം; രേഖകള്‍ വീണ്ടെടുക്കാന്‍ നാളെ പ്രത്യേക ക്യാമ്പുകള്‍
മുണ്ടക്കൈയില്‍ നടത്തിവരുന്ന ജനകീയ തിരച്ചില്‍ കനത്ത മഴയെ തുടര്‍ന്ന് താല്കാലികമായി നിര്‍ത്തിവെച്ചു
മേപ്പാടി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരല്‍മല, മേപ്പാടി നിവാസികളുടെ നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കുന്നതിന് നാളെ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കും. മേപ്പാടി ഗവ. ഹൈസ്‌കൂള്‍, സെന്റ് ജോസഫ് യു.പി സ്‌കൂള്‍, മൗണ്ട് താബോര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍. ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശാനുസരണം ജില്ലാ ഭരണകൂടത്തിന്‍റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകള്‍, ഐടി മിഷന്‍, അക്ഷയ എന്നിവയെ ഏകോപിപ്പിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ദുരന്തത്തില്‍ രേഖകള്‍ നടഷ്ടപ്പെട്ടവര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.
അതേസമയം മുണ്ടക്കൈയില്‍ നടത്തിവരുന്ന ജനകീയ തിരച്ചില്‍ കനത്തമഴയെ തുടര്‍ന്ന് താല്കാലികമായി നിര്‍ത്തിവെച്ചു. ദുരന്തമുഖത്ത് മഴ ശക്തമാകുകയും രക്ഷാപ്രവർത്തകർക്ക് തിരച്ചിൽ ദുഷ്കരമാകുകയും ചെയ്തതോടെയാണ് തിരച്ചിൽ താൽകാലികമായി നിർത്തിവെച്ചത്. മഴ മാറിയാലുടൻ തിരച്ചിൽ പുനരാരംഭിക്കും. കാന്തൻപാറ പുഴയ്ക്ക് സമീപത്തുനിന്ന് കണ്ടെത്തിയ 3 ശരീരഭാഗങ്ങൾ പുഴയുടെ മുകൾ ഭാഗത്തെത്തിച്ചു.