മുണ്ടക്കൈ ദുരന്തം: ക്യാമ്പിലുള്ളവർക്ക് സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായം വൈകുന്നു
അത്യാവശ്യ കാര്യങ്ങൾക്ക് പോലും കയ്യിൽ പണമില്ലെന്നാണ് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട് ക്യാമ്പിൽ കഴിയുന്നവർ പറയുന്നത്.
വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഇരകൾക്ക് സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായം വൈകുന്നു. അത്യാവശ്യ കാര്യങ്ങൾക്ക് പോലും കയ്യിൽ പണമില്ലെന്നാണ് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട് ക്യാമ്പിൽ കഴിയുന്നവർ പറയുന്നത്. കുടുംബത്തിലെ രണ്ടുപേർക്ക് പ്രതിദിനം 300 രൂപയും ഓരോ കുടുംബത്തിനും 10,000 രൂപയും സർക്കാർ അടിയന്തര സഹായം പ്രഖ്യാപിച്ചിരുന്നു.
ദുരന്തം കഴിഞ്ഞ് 14 ദിവസം പിന്നിട്ടിട്ടും സർക്കാർ ധനസഹായം ലഭ്യമായിട്ടില്ല. ഭക്ഷണം ക്യാമ്പിൽ ലഭിക്കുന്നുണ്ട്. പക്ഷേ ഉടുതുണി മാത്രമായി ക്യാമ്പിലെത്തിയവർക്ക് പുതിയ താമസസൗകര്യം അന്വേഷിക്കാനും മറ്റും സാമ്പത്തികം വലിയ തടസ്സമാവുകയാണ്.
കഴിഞ്ഞ ദിവസം ക്യാമ്പിൽ പരിചയക്കാരെ സന്ദർശിക്കാനെത്തിയപ്പോൾ ഒരു 200 രൂപയെങ്കിലും തരുമോ എന്നാണ് ഒരാൾ ചോദിച്ചതെന്ന് പ്രദേശവാസി മീഡിയവണിനോട് പറഞ്ഞു. ദുരന്തത്തിൽ എല്ലാം നഷ്ടമായവർ കയ്യിൽ ഒരു രൂപ പോലും ഇല്ലാതെയാണ് ക്യാമ്പിൽ കഴിയുന്നത്. സാമ്പത്തിയ സഹായം എത്രയും വേഗം ലഭ്യമാക്കുമെന്നാണ് സർക്കാർ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.