മുണ്ടക്കൈ ഉരുൾപൊട്ടല്‍; കാണാതായവരെ മരിച്ചവരായി കണക്കാക്കുമെന്ന് സർക്കാർ
കാണാതായവരുടെ പട്ടിക തയ്യാറാക്കാൻ പ്രാദേശിക സമിതിയും രൂപീകരിച്ചു
വയനാട്: വയനാട് മുണ്ടക്കൈ ദുരന്തത്തിൽ സുപ്രധാന തീരുമാനവുമായി സംസ്ഥാന സർക്കാർ. ദുരന്തത്തിൽ കാണാതായവരെ മരിച്ചവരായി കണക്കാക്കി ധനസഹായം നൽകും. ഇതിനായി രണ്ടു സമിതികളെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കി.
ദുരന്തത്തിൽ പെട്ടവരെ കണ്ടെത്താൻ പരമാവധി ശ്രമങ്ങൾ നടത്തിയെങ്കിലും അത് പൂർണതയിൽ വിജയിച്ചിരുന്നില്ല. 30ലധികം പേർ ഇപ്പോഴും കാണാമറയത്താണ്. മരിച്ചുവെന്ന് സ്ഥിരീകരിക്കാത്തത് കൊണ്ട് ഇവരുടെ കുടുംബത്തിൽ നൽകേണ്ട ധനസഹായവും നീണ്ടുപോയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കാണാതായവരെ മരിച്ചവരുടെ പട്ടികയിൽ പെടുത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പട്ടിക തയ്യാറാക്കാന്‍ രണ്ടു സമിതികൾ രൂപീകരിച്ചു. പ്രാദേശിക സമിതിയും സംസ്ഥാന തല സമിതിയും വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി,ആ പ്രദേശത്തെ പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ എന്നിവർ ചേർന്ന പ്രാദേശിക സമിതി പ്രാഥമിക പട്ടിക തയ്യാറാക്കും.
ഈ പട്ടിക ദുരന്തനിവാരണ അതോറിറ്റിക്ക് സമർപ്പിക്കും. ദുരന്തനിവാരണ അതോറിറ്റി ശിപാർശയടക്കം സംസ്ഥാന തലസമിതിക്ക് കൈമാറും. ആഭ്യന്തര അഡിക്ഷൻ ചീഫ് സെക്രട്ടറി റവന്യൂ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരടങ്ങുന്ന സംസ്ഥാന സമിതി ഈ പട്ടിക പരിശോധിച്ചു ധനസഹായം അനുവദിക്കാനാണ് സർക്കാർ തീരുമാനം.