'മുഖം പോലും തിരിച്ചറിയാനാവുന്നില്ല; ഇത് നമ്മുടെ സ്വന്തക്കാർ തന്നെയാണോ എന്നുള്ള പേടിയാണ്'
ചിലരുടെ ശരീരഭാഗങ്ങൾ മാത്രമാണ് ലഭിച്ചിട്ടുള്ളത്. കൈയ്യും തലയും ഇല്ലാത്ത മൃതദേഹങ്ങൾ പോലും ഇതിലുണ്ട്.
മേപ്പാടി: ആർത്തലച്ചുവന്ന മലവെള്ളപ്പാച്ചിൽ അനേകംപേരെ വാരിയെടുത്ത് പോയപ്പോൾ ചിലർ മാത്രം ബാക്കിയായി. ഇനിയും ഉറ്റവരെ കണ്ടെത്താനാവാതെ, വറ്റിതീർന്ന കണ്ണീരുമായി ദുരിതാശ്വാസ ക്യാമ്പുകളിൽ അവർ കാത്തിരിക്കുകയാണ്.
അവശിഷ്ടങ്ങൾക്കിടയിൽ നിന്നും പലരേയും ജീവനില്ലാതെ കണ്ടെത്തുമ്പോഴും തിരിച്ചറിയാൻ പോലും കഴിയാത്ത അവസ്ഥയുടെ വലിയ വേദനയാണ് ഇവർക്ക് പങ്കുവയ്ക്കാനുള്ളത്. ഇത് സ്വന്തക്കാർ തന്നെയാണോ, ഇത് നമ്മുടെ ആൾ തന്നെയാണോ എന്നൊന്നും തിരിച്ചറിയാൻ പോലും ആകുന്നില്ലെന്നാണ് ബാക്കിയായ മനുഷ്യരുടെ നൊമ്പരപ്പെടുത്തുന്ന വാക്കുകൾ. തിരിച്ചറിയാൻ പോലും ആവുന്നില്ല, എന്തിന് മുഖം പോലും തിരിച്ചറിയാനാവുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ധരിച്ച മാലകളോ വസ്ത്രങ്ങളോ അടയാളങ്ങളോ നോക്കിയാണ് ആളെ തിരിച്ചറിയുന്നതെന്ന് ബന്ധുക്കൾ പറയുന്നു.
ദുരന്തത്തിൽപെട്ട ചിലരുടെ ശരീരഭാഗങ്ങൾ മാത്രമാണ് ലഭിച്ചിട്ടുള്ളത്. കൈയ്യും തലയും ഇല്ലാത്ത മൃതദേഹങ്ങൾ പോലും ഇതിലുണ്ട്. അവയെല്ലാം തിരിച്ചറിയുമ്പോൾ നെഞ്ചുപൊട്ടി വിലപിക്കാൻ മാത്രമാണ് ശേഷിച്ചവർക്കാവുന്നത്.
അതേസമയം മുണ്ടക്കൈ ദുരിതത്തിൽ മരിച്ചവരുടെ എണ്ണം 277 ആയി ഉയർന്നു. ദുരന്ത ബാധിത പ്രദേശത്ത് തിരച്ചിൽ ഊർജിതമാക്കിയിരിക്കയാണ്. സൈന്യം നിർമിക്കുന്ന ബെയ്‌ലി പാലം പൂർത്തിയാകുന്നതോടെ വലിയ വാഹനങ്ങളും തിരച്ചിൽ സാമഗ്രികളും എത്തിക്കാനും രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും സാധിക്കും.