നെഞ്ചുനീറി വയനാട്: മരണം 366, കാണാമറയത്ത് ഇനിയും നിരവധിപേർ
സോണുകള്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ ആറാം നാളിലും തുടരും
മേപ്പാടി: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 366 ആയി. കാണാതായവർക്കായുള്ള തിരച്ചിൽ രാവിലെ വീണ്ടും ആരംഭിക്കും. 200ലധികം ആളുകളേയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇവർക്കായുള്ള തിരച്ചിലിൽ ആധുനിക സംവിധാനങ്ങളുൾപ്പെടെ ഉപയോഗിക്കുന്നുണ്ട്.
ദുരന്തത്തിൽ കാണാതായവരിൽ ഏറേ പേരേയും കണ്ടെത്തിയത് മലപ്പുറത്തുള്ള ചാലിയാറിൽനിന്നാണ്. ഇന്നലെ നടത്തിയ തിരച്ചിലിൽ മാത്രം ചാലിയാറിൽ നിന്ന് 16 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 3 മൃതദേഹവും 13 ശരീരഭാഗങ്ങളുമാണ് ഇന്നലെ കണ്ടെത്തിയത്. ഇതോടെ ഇവിടെ നിന്ന് ലഭിച്ചത് ആകെ 205 മൃതദേഹങ്ങളാണ്. 73 മൃതദേഹങ്ങളും 132 ശരീരഭാഗങ്ങളും ഇതിൽ ഉൾപ്പെടും.
37 പുരുഷ മൃതദേഹങ്ങൾ, 29 സ്ത്രീ മൃതദേഹങ്ങൾ, 3 ആൺകുട്ടികളുടെ മൃതദേഹങ്ങൾ, 4 പെൺകുട്ടികളുടെ മൃതദേഹങ്ങൾ എന്നിവയാണ് ഇതുവരെ ഇവിടെനിന്ന് കണ്ടെത്തിയത്. ഇതിൽ 198 മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. 195 എണ്ണം വയനാട്ടിലേക്ക് കൊണ്ടുപോയി. മൂന്ന് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറുകയും മുന്നെണ്ണം ഡി.എൻ.എ ടെസ്റ്റിനായി അയക്കുകയും ചെയ്തിട്ടുണ്ട്. ചാലിയാറിൽ വ്യാപകമായ തിരച്ചിൽ തുടരും.
അതേസമയം ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമല, മുണ്ടക്കൈ പ്രദേശത്ത് പൊലീസിൻ്റെ രാത്രികാല പട്രോളിങ്ങ് ഏർപ്പെടുത്തി. ദുരന്തത്തിന് ഇരയായവരുടെ വീടുകളിലോ പ്രദേശത്തോ രാത്രിയിൽ അതിക്രമിച്ച് കടക്കുന്നവർക്കെതിരെ നടപടിയെടുക്കും. ഇവിടങ്ങളിലെ വീടുകളിലൊ പ്രദേശങ്ങളിലോ രക്ഷാപ്രവർത്തനത്തിൻ്റെ പേരിലോ അല്ലാതയോ പൊലീസിൻ്റെ അനുവാദമില്ലാതെ രാത്രികാലങ്ങളിൽ ആരും പ്രവേശിക്കാൻ പാടില്ല.
സാധ്യമായ എല്ലാനിലയിലും എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി മികച്ച രീതിയിലാണ് രക്ഷാപ്രവർത്തനം മുന്നോട്ടു പോകുന്നതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. അനാവശ്യമായി ആരും ദുരന്തഭൂമിയിലേക്ക് വരേണ്ടതില്ലെന്നും അത് രക്ഷാപ്രവർത്തനത്തെ ബാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ദുരന്തമുഖത്തെ സന്നദ്ധപ്രവർത്തനത്തിന് രജിസ്ട്രേഷൻ നിർബന്ധമാക്കി. ചൂരൽമല കൺട്രോൾ റൂമിന് സമീപം രജിസ്ട്രേഷൻ കൗണ്ടർ പ്രവർത്തിക്കും. രജിസ്റ്റർ ചെയ്യുന്നവരെ മാത്രമാണ് ദുരന്തമേഖലയിൽ കടത്തിവിടുക. സന്നദ്ധസേവകർ ടീം ലീഡറുടെ പേരും വിലാസവും രജിസ്റ്റർ ചെയ്താൽ മതിയാകും.
അതിനിടെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഇനി ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് സർക്കാർ പുറത്തിറക്കി. കിറ്റുകളിലേക്ക് ആവശ്യമായ പലവ്യഞ്ജനം, വീടുകളിലേക്ക് ആവശ്യമായ ചെറിയ ഫർണിച്ചറുകൾ, കുട്ടികളുടെ കളിപ്പാട്ടങ്ങൾ, കളറിംഗ് ബുക്കുകൾ തുടങ്ങിയവയാണ് പ്രധാനമായും ആവശ്യം. മറ്റു സാധനങ്ങൾ ആവശ്യത്തിന് ലഭിക്കുന്നുണ്ടെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.