'40 വർഷങ്ങൾക്ക് ശേഷം വീണ്ടും ദുരന്തം, സ്വന്തംപോലെ കഴിഞ്ഞവരെല്ലാം പോയി...'; വേദനയോടെ അബൂക്ക

1984 ൽ മുണ്ടക്കൈ നേരിട്ട ഉരുൾപൊട്ടലും അതിജീവനവും ഓർത്തെടുക്കുകയാണ് അബൂക്ക

Update: 2024-08-02 05:34 GMT
Advertising

വയനാട്: മഹാദുരന്തം തീർത്ത നടുക്കത്തിൽ നിന്ന് മാറാതെ പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ വിതുമ്പുകയാണ് മുണ്ടക്കൈയിലെ ജനങ്ങൾ. സ്വന്തക്കാരല്ലെങ്കിലും സ്വന്തംപോലെ കഴിഞ്ഞവരെല്ലാം പോയെന്നും സങ്കടം സഹിക്കാനാകുന്നില്ലെന്നുമാണ് മുണ്ടക്കൈ സ്വദേശിയായ അബൂക്കയ്ക്ക് പറയാനുള്ളത്. നാൽപത് വർഷങ്ങൾക്ക് മുമ്പ് മുണ്ടക്കൈ നേരിട്ട ഉരുൾപൊട്ടലും അതിൽ നിന്നുള്ള അതിജീവനവും ഓർത്തെടുക്കുന്നുണ്ട് അദ്ദേഹം. 

'പതിനാല് വയസുള്ളപ്പോഴാണ് 84 ലെ ഉരുൾപൊട്ടലുണ്ടാകുന്നത്. ഉരുള് പൊട്ടിയെന്ന് എല്ലാവരും പറയുന്നത് കേട്ടു. പിന്നെ ഹെലികോപ്റ്ററുകൾ പോകുന്നുണ്ടായിരുന്നു. മൃതദേഹങ്ങളെടുത്ത് ആളുകൾ വരുന്നതാണ് പിന്നീട് കണ്ടത്. ഒരുപാട് മൃഗങ്ങളും ചത്തു. എസ്റ്റേറ്റിൽ പണിയെടുക്കുന്ന ഒരു ചെറുക്കൻ വീട്ടിൽ വന്ന് വസ്ത്രം മാറി മല കറിയതേയുള്ളൂ..അപ്പോഴാണ് ഉരുള് പൊട്ടിയത്. അവന്റെ കാല് മാത്രമാണ് അന്ന് കിട്ടിയത്. ആ അച്ഛനും അമ്മയും കാല് തിരിച്ചറിഞ്ഞു' 1984 ജൂലൈ ഒന്നിന് മുണ്ടക്കൈയിലുണ്ടായ ദുരന്തത്തെ അബൂക്ക ഓർക്കുന്നത് ഇങ്ങനെയാണ്.  

വീണ്ടും അതിനേക്കാൾ ഭീകരമായ ദുരന്തം കണ്‍മുന്നിൽ കാണുമ്പോൾ സങ്കടം സഹിക്കാനാകുന്നില്ല അദ്ദേഹത്തിന്. 'പ്രതീക്ഷിക്കാത്ത സ്ഥലത്തുകൂടിയാണ് കല്ലും മരവും മണ്ണും ഒലിച്ചിറങ്ങിയത്. ഉറ്റവരും ഉടയവരുമെല്ലാം പോയപ്പോൾ ഭയങ്കര സങ്കടം. സ്വന്തക്കാരല്ലെങ്കിലും സ്വന്തം പോലെ കഴിഞ്ഞവരല്ലേ...' മുഴുമിപ്പിക്കും മുമ്പ് റിപ്പോർട്ടറുടെ തോളിലേക്ക് ചായുകയായിരുന്നു അബൂക്ക. 

മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഇതുവരെ മരിച്ചത് 291 പേരാണ്. 107 പേരെ തിരിച്ചറിഞ്ഞു. മരിച്ചവരിൽ 27 പേർ കുട്ടികളാണ്. 100 ശരീര ഭാഗങ്ങളും കണ്ടെത്തി. 279 പേരുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. 96 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിൽ തുടരുകയാണ്. 129 പേരെ കൂടി ചികിത്സിക്ക് ശേഷം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. 

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News