'പാഷാണത്തിൽ കൃമികൾ എല്ലായിടത്തുമുണ്ടാകും'; വാട്‌സ്ആപ്പ് ഗ്രൂപ്പ് ചോർച്ചയിൽ നടപടിയുണ്ടാകുമെന്ന് കെ. മുരളീധരൻ
കെ.എസ് ശബരിനാഥന്റെ അറസ്റ്റ് ലോക്‌സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ.മുരളീധരൻ എം.പി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി
ന്യൂ ഡല്‍ഹി: യൂത്ത് കോൺഗ്രസ് ഔദ്യോഗിക വാട്സ്ആപ്പിലെ സന്ദേശങ്ങൾ ചോർത്തിയവർക്കെതിരെ നടപടിയുണ്ടാകുമെന്ന് കെ. മുരളീധരൻ എം.പി. പാഷാണത്തിൽ കൃമികൾ എല്ലായിടത്തുമുണ്ടാകും. അവരെ കോൺഗ്രസിൽ നിന്നും യൂത്ത് കോൺഗ്രസിൽ നിന്നും പുറത്താക്കുമെന്നും കെ. മുരളീധരൻ പറഞ്ഞു. കെ.എസ് ശബരിനാഥന്റെ അറസ്റ്റ് മൗലികാവകാശ ലംഘനമാണ്, വിഷയം ലോക്സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ.മുരളീധരന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
സി.പി.എം പ്രതിപക്ഷത്തോട് പെരുമാറുന്നത് മോദിയെപ്പോലെയാണെന്നും രാഷ്ട്രീയമായി എതിരഭിപ്രായം പറയുന്നവരെ ശാരീരികമായും മാനസികമായും ആക്രമിക്കുകയാണെന്നും കള്ളക്കേസെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള പൊലീസിന് ഗുണ്ടകളുടെ സംസ്കാരം. ഇൻഡിഗോയുടെ ബസ് കസ്റ്റഡിയിലെടുത്തതും ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങൾ ചോർന്നതിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയില്‍ കടുത്ത ഭിന്നതയാണ് രൂപപ്പെടുന്നത്. സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിനെ ലക്ഷ്യമിട്ട് ഒരു വിഭാഗം നീക്കം തുടങ്ങി. വിവരങ്ങള്‍ നിരന്തരമായി ചോര്‍ന്നിട്ടും ഷാഫി ഗൗരവത്തിലെടുക്കുന്നില്ലെന്ന് കാണിച്ച് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷന് പരാതി നൽകിയിരുന്നു.
ഗ്രൂപ്പിലെ ചര്‍ച്ചകള്‍ നിരന്തരം മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നുവെന്നും ഇക്കാര്യം പരിശോധിക്കാന്‍ പോലും സംസ്ഥാന അധ്യക്ഷന്‍ തയ്യാറാകുന്നില്ലെന്നുമാണ് ഒരു വിഭാഗത്തിന്റെ പരാതി. അച്ചടക്ക ലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ തയ്യാറാകുന്നില്ലെന്നുമാണ് ആരോപണം. സ്ക്രീന്‍ ഷോട്ട് പുറത്തായതിനെ കുറിച്ച് പരിശോധിക്കുമെന്നാണ് ഇപ്പോള്‍ സംസ്ഥാന നേതൃത്വം പറയുന്നത്.