ആലപ്പുഴയിലെ കൊലപാതകങ്ങൾ; 50 പേർ കസ്റ്റഡിയിൽ; നാളെ സർവകക്ഷിയോഗം

ആറ് ആർ.എസ്.എസ് പ്രവർത്തകരും 11 എസ്.ഡി.പി.ഐ പ്രവർത്തകരും കസ്റ്റഡിയിൽ എടുത്തവരിൽപ്പെടും

Update: 2021-12-19 11:47 GMT
Editor : Dibin Gopan | By : Web Desk
Advertising

ആലപ്പുഴയിലെ എസ്.ഡി.പി.ഐ, ബി.ജെ.പി നേതാക്കളുടെ കൊലപാതകത്തിൽ പ്രതികളെന്ന് സംശയിക്കുന്ന 50 പേർ കസ്റ്റഡിയിൽ. ഇരുവിഭാഗങ്ങളിലുമായി ഇതുവരെ 50 പേരെ കസ്റ്റഡിയിൽ എടുത്തതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥ ഹർഷിത അട്ടല്ലൂരി പറഞ്ഞു. ഏത് ഉന്നത നേതാവായാലും കസ്റ്റഡിയിൽ എടുക്കുമെന്നും അവർ അറിയിച്ചു. ആറ് ആർ.എസ്.എസ് പ്രവർത്തകരും 11 എസ്.ഡി.പി.ഐ പ്രവർത്തകരും കസ്റ്റഡിയിൽ എടുത്തവരിൽപെടും.

എസ്.ഡി.പി.ഐ നേതാവിന്റെ വധത്തിൽ ഗൂഢാലോചനയിൽ പങ്കാളികളായ രണ്ട് പേരെ നേരത്തേ കസ്റ്റഡിയിൽ എടുത്തതായി പൊലീസ് അറിയിച്ചിരുന്നു. ബി.ജെ.പി നേതാവിന്റെ വധത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 11 പേരും പിടിയിലായിട്ടുണ്ട്. സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ ഒരു ആംബുലൻസും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Full View

മണ്ണഞ്ചേരി സ്വദേശി പ്രസാദ്, വെൺമണി സ്വദേശി കൊച്ചുകുട്ടൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എസ്.ഡി.പി.ഐ നേതാവ് ഷാനെ ആക്രമിക്കാൻ അക്രമിസംഘത്തിന് റെന്റ് എ കാർ വാഹനം ക്രമീകരിച്ചു നൽകിയത് പ്രസാദാണെന്നും വാഹനം കൊണ്ടുപോയത് കൊച്ചുകുട്ടനാണെന്നും പൊലീസ് പറയുന്നു. 12 മണിക്കൂറിനിടെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് ആലപ്പുഴയിൽ നടന്നത്. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനും ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. അക്രമ സാധ്യത കണക്കിലെടുത്ത് ആലപ്പുഴ ജില്ലയിൽ രണ്ട് ദിവസം പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കലക്ടർ നാളെ സർവകക്ഷിയോഗം വിളിച്ചു. നാളെ വൈകിട്ട് മൂന്നുമണിക്ക് ആലപ്പുഴ കലക്ട്രേറ്റിൽ നടക്കുന്ന യോഗത്തിൽ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും.

ആലപ്പുഴ മണ്ണഞ്ചേരിയിൽ ഇന്നലെ രാത്രിയായിരുന്നു നാടിനെ നടുക്കിയ ആദ്യ കൊലപാതകം ഉണ്ടായത്. ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചെയാണ് ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. അതേസമയം എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനിന്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി, മൃതദേഹം വീട്ടിലെത്തിച്ചു. സംസ്‌കാരം വൈകീട്ട് ആലപ്പുഴയിൽ നടക്കും. ഒരു പ്രസ്ഥാനത്തിൽ വിശ്വസിച്ചതിന്റെ പേരിലാണ് തന്റെ മകനെ കൊന്നതെന്നും ഷാൻ ഒരു ക്രിമിനൽ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിട്ടില്ലെന്നും പിതാവ് എച്ച് സലിം പറഞ്ഞു. ഇത്തരം കൊലപാതകങ്ങൾ ഇനി ആവർത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Full View

ഒബിസി മോർച്ച നേതാവ് രഞ്ജിത്തിന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടക്കുകയാണ്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News