മ്യൂസിയം ആക്രമണം; പ്രതി സന്തോഷ് കുമാറിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
ഡിസംബറിൽ പേരൂർക്കട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സന്തോഷിന്റെ വിരലടയാളം ഫോറൻസിക് ലാബിന് അയച്ചിട്ടുണ്ട്
തിരുവനന്തപുരം: പ്രഭാതസവാരിക്കിറങ്ങിയ യുവതിയെ മ്യൂസിയം പരിസരത്ത് വെച്ച് ആക്രമിച്ച കേസിൽ പ്രതി സന്തോഷ് കുമാറിന്റെ അറസ്റ്റ് ഇന്ന് പൊലീസ് രേഖപ്പെടുത്തും. കോടതിയിൽ അപേക്ഷ നൽകിയ ശേഷമാകും ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തുക. പ്രതി സന്തോഷാണെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
തുടർന്ന് ഇന്ന് തന്നെ പ്രൊഡക്ഷൻ വാറണ്ടും കസ്റ്റഡി അപേക്ഷയും നൽകാനാണ് നീക്കം. സന്തോഷിനെതിരെ സമാനമായ നിരവധി പരാതികൾ ഉണ്ടെന്നാണ് വിവരം. പ്രത്യേക അന്വേഷണസംഘം വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
ഡിസംബറിൽ പേരൂർക്കട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സന്തോഷിന്റെ വിരലടയാളം ഫോറൻസിക് ലാബിന് അയച്ചിട്ടുണ്ട്. കുറവൻകോണത്ത് വീടിനുള്ളിൽ കയറി പെൺകുട്ടിയെ ആക്രമിച്ചെന്നാണ് കേസ്.അന്ന് ശേഖരിച്ച വിരലടയാളവും സന്തോഷിന്റെ വിരലടയാളവും സാമ്യമായാൽ ആ കേസിലും അറസ്റ്റ് രേഖപ്പെടുത്തും. സംഭവത്തിൽ പേരൂർക്കട പൊലീസ് കേസെടുത്തുവെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്തിരുന്നില്ല. മാധ്യമങ്ങളിൽ സന്തോഷിന്റെ ചിത്രം കണ്ട പരാതിക്കാരി പൊലീസിനോട് സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് അന്വേഷണം നടത്താൻ തീരുമാനമായത്.
കുറവംകോണം കേസിൽ അറസ്റ്റിലായതിന് പിന്നാലെയാണ് മ്യൂസിയം പരിസരത്ത് പ്രഭാത നടത്തത്തിനിറങ്ങിയ വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയതും മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ തന്നെയാണെന്ന് സ്ഥിരീകരിച്ചത്. ജലസേചന മന്ത്രിയും കേരളാ കോൺഗ്രസ് നേതാവുമായ റോഷി അഗസ്റ്റിന്റെ പേഴ്‌സണൽ സ്റ്റാഫിന്റെ ഡ്രൈവറായ സന്തോഷിനെ പിന്നാലെ ജോലിയിൽ നിന്നും പുറത്താക്കുകയും ചെയ്തു.
ഇയാള്‍ കാര്‍ മ്യൂസിയം വളപ്പില്‍ കൊണ്ടിടുന്നതും ആക്രമണശേഷം വാഹനമെടുത്ത് പോവുന്നതുമായ സി.സി.ടി.വി ദൃശ്യങ്ങളാണ് ഇക്കാര്യത്തില്‍ നിര്‍ണായകമായത്. കുറവന്‍കോണത്തെ വീട്ടിലെ അതിക്രമ ശേഷം ടെന്നീസ് ക്ലബ്ബിന് പരിസരത്തേക്കെത്തുന്ന സന്തോഷ് തുടര്‍ന്ന് മ്യൂസിയം പരിസരത്തേക്കെത്തുകയും കോര്‍പറേഷന്‍ ഓഫീസിനു മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷമാണ് യുവതിക്ക് നേരെ ആക്രമണം നടത്തിയത്. തുടര്‍ന്ന് ഓടി പുറത്തുകടന്ന ശേഷം വീണ്ടും കാറെടുത്ത് ടെന്നീസ് ക്ലബ്ബിന്റെ ഭാഗത്തേക്കു പോവുകയായിരുന്നു.