'കേസ് പിൻവലിക്കാതെ ആർക്കും വോട്ടില്ല'; പൂഞ്ഞാർ സംഭവത്തിൽ സിപിഎം നേതാക്കൾക്ക് മുന്നിൽ വിമർശനം കടുപ്പിച്ച് മുസ്‌ലിം നേതാക്കൾ
പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്ക്, കെ.ടി ജലീൽ എന്നിവരെ സാക്ഷിയാക്കിയായിരുന്നു മുസ്‌ലിം നേതാക്കളുടെ പ്രതികരണം
കോട്ടയം: പൂഞ്ഞാർ സംഭവത്തിൽ സിപിഎം നേതാക്കൾക്ക് മുന്നിൽ പ്രതിഷേധം പരസ്യമാക്കി മുസ്‌ലിം മത നേതാക്കൾ. വൈദികനെ വാഹനമിടിപ്പിച്ചെന്ന കേസിൽ വിദ്യാർഥികൾക്കെതിരെ ചിലരുടെ താത്പര്യപ്രകാരം കേസെടുത്തു. കേസ് പിൻവലിക്കാതെ ആർക്കും വോട്ട് ചെയ്യില്ലെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി മുഹമ്മദ് നദീർ മൗലവി പറഞ്ഞു. ഫാസിസ്റ്റ് രീതി നടപ്പിലാക്കാൻ ശ്രമിച്ചവരെ തിരഞ്ഞെടുപ്പിൽ വീട്ടിലിരുത്തിയ ചരിത്രമാണ് മുസ്‌ലിം സമൂഹം ഈരാറ്റുപേട്ടയിൽ നടപ്പാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
സിവിൽ സ്റ്റേഷൻ നിർമാണവുമായി ബന്ധപ്പെട്ട് കോട്ടയം എസ്.പി നൽകിയ വിവാദ റിപ്പോർട്ട് പിൻവലിച്ചെന്ന മന്ത്രിയുടെ മറുപടിയല്ല വേണ്ടത്. അതിന്റെ രേഖ കാണിക്കാൻ തയ്യാറാകണമെന്നും കേരള ജമാഅത്ത് ഫെഡറേഷൻ വർക്കിംഗ് പ്രസിഡന്റ്, പി.ഇ. മുഹമ്മദ് സക്കീർ വ്യക്തമാക്കി. പി.സി ജോർജിനെയും നേതാക്കാൾ രൂക്ഷമായി വിമർശിച്ചു. പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്ക്, കെ.ടി ജലീൽ, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജെ. തോമസ് എന്നിവരെ സാക്ഷിയാക്കിയായിരുന്നു മുസ്‌ലിം നേതാക്കളുടെ പ്രതികരണം.