സിപിഎം ഫലസ്തീൻ റാലിയിൽ ലീഗ് പങ്കെടുക്കില്ല; ക്ഷണത്തിന് നന്ദിയെന്ന് നേതൃത്വം
യുഡിഎഫിലെ ഘടകക്ഷി എന്ന നിലയിൽ പങ്കെടുക്കാനാവില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: സിപിഎം സംഘടിപ്പിക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്‌ലിം ലീഗ് പങ്കെടുക്കില്ല. യുഡിഎഫിലെ ഘടകക്ഷി എന്ന നിലയിൽ പങ്കെടുക്കാനാവില്ലെന്ന് കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ നേതൃത്വം അറിയിച്ചു. സിപിഎം ക്ഷണത്തിന് നന്ദിയെന്നും സിപിഎം ഫലസ്തീൻ പ്രശ്‌നത്തിൽ ഒപ്പം നിൽക്കുന്നത് സന്തോഷമെന്നും ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
"ഫലസ്തീൻ റാലിയിൽ പങ്കെടുക്കാനുള്ള സിപിഎം ക്ഷണത്തിന് നന്ദി. യുഡിഎഫിന്റെ ഘടകകക്ഷി എന്ന നിലയിൽ സാങ്കേതികമായി പങ്കെടുക്കാൻ കഴിയില്ല എന്നത് കൊണ്ടു തന്നെ സിപിഎം ഫലസ്തീൻ റാലിക്ക് ലീഗില്ല. ഒരു മുന്നണിയിൽ നിൽക്കുമ്പോൾ ആ മുന്നണിയുടെ അന്തസത്തക്ക് നിരക്കാത്ത രീതിയിൽ ഒന്നും ചെയ്യുന്ന പാർട്ടിയല്ല ലീഗ്. വിളിച്ച എല്ലാ കല്യാണത്തിനും പോകാൻ കഴിയുമോ? ഇല്ലല്ലോ... അതുപോലെ തന്നെയാണ് ഇതും. സാങ്കേതിക കാരണങ്ങളാൽ റാലിയിൽ പങ്കെടുക്കാൻ ലീഗിനാവില്ല. കോൺഗ്രസ് ഇല്ലാതെ പങ്കെടുത്താൽ പാർട്ടിയിൽ ഭിന്നതയുടെ സ്വരം വരും.
കളമശ്ശേരി വിഷയത്തിൽ സർവകക്ഷി യോഗം വിളിച്ചത് പോലെ ഫലസ്തീൻ വിഷയത്തിലും യോഗം വിളിക്കണമെന്ന അഭിപ്രായം തന്നെയാണ് ലീഗിന്. ഈ കൂട്ടക്കുരുതി അവസാനിപ്പിക്കാൻ രാജ്യം ഇടപെടണം. സിപിഎം ഫലസ്തീൻ പ്രശ്‌നത്തിനൊപ്പം നിൽക്കുന്നത് സന്തോഷകരമാണ്.". കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സി.പി.എം പരിപാടിയിലേക്ക് ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ വ്യക്തമാക്കിയതാണു പുതിയ ചർച്ചകൾക്കു തിരികൊളുത്തിയത്. ഇ.ടിയുടെ പ്രസ്താവനയ്ക്കു പിന്നാലെ പരിപാടിയിലേക്ക് സി.പി.എം ലീഗിനെ ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു.
എന്നാൽ, സി.പി.എം പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളും വ്യക്തമാക്കി. ഇതോടെയാണ് വിഷയം ചർച്ച ചെയ്യാനായി ഇന്ന് അടിയന്തരയോഗം വിളിച്ചത്. സി.പി.എമ്മിന്റെ ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഇന്നലെ മാധ്യമങ്ങൾക്കു മുന്നിൽ സ്ഥിരീകരിച്ചിരുന്നു.
updating