ടി പി വധക്കേസിലെ അപ്പീല്‍ വിധി കോൺഗ്രസ് നേതാക്കള്‍ പ്രചരണായുധമാക്കുമ്പോഴും പ്രതികരിക്കാതെ ലീഗ് നേതൃത്വം
ലീഗ് സംസ്ഥാന ഭാരവാഹികളാരും തന്നെ ടി പി കേസ് ആയുധമാക്കി സി പി എമ്മിനെ ആക്രമിക്കാന്‍ സമയം കണ്ടെത്തിയില്ല
കോഴിക്കോട്: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ അപ്പീല്‍ വിധി കോൺഗ്രസ് നേതാക്കള്‍ സംസ്ഥാന വ്യാപകമായി പ്രചരണായുധമാക്കുമ്പോഴും പ്രതികരിക്കാതെ മുസ് ലിം ലീഗ് സംസ്ഥാന നേതൃത്വം കുഞ്ഞനന്തന്റെ മരണത്തില്‍ അന്വേഷണം വേണമെന്ന കെ എം ഷാജിയുടെ ആരോപണവും ലീഗിന്റെ പ്രധാന നേതാക്കള്‍ ഏറ്റെടുത്തില്ല. യൂത്ത് ലീഗിന്റെ നേതാക്കളും ടി പി കേസ് തൊട്ടിട്ടില്ല.
സി പി എമ്മിനെ പ്രതിരോധത്തിലാക്കാവുന്ന മികച്ച ആയുധമായാണ് ടി പി കേസിലെ അപ്പീല്‍ വിധിയെ കോൺഗ്രസ് നേതാക്കള്‍ കണ്ടത്. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വടകര മണ്ഡലത്തിൽ മാത്രമല്ല സംസ്ഥാന വ്യാപകമായി ടി പി കേസ് പ്രതിഫലിക്കുമെന്നും കോൺഗ്രസും യുഡിഎഫും കരുതുന്നു. പിണറായി വിജയനാണ് ടി പി യുടെ കൊലപാതകത്തിന് പിന്നിലെ മാസ്റ്റർ ബ്രെയിനെന്ന് പറഞ്ഞ് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ആക്രമണത്തിന് തുടക്കമിട്ടു
പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ യും കെ സുധാകരന്റെയും വാർത്താ സമ്മേളനങ്ങളില്‍ ടി പി കേസ് പ്രധാന വിഷയമായി. മുന്‍ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളിയും അന്വേഷണ അട്ടിമറി ആരോപണവുമായി രംഗത്തെത്തി. കുഞ്ഞനന്തന്റെ മരണത്തില്‍ ലീഗ് നേതാവ് കെ എം ഷാജി ഉയർത്തിയ ദുരൂഹത വലിയ ചർച്ചയായി മാറി
സി പി എമ്മും കുഞ്ഞനന്തന്റെ മകളും ഷാജിക്കെതിരെ രംഗത്തെത്തിയപ്പോള്‍ പ്രതിരോധം തീർത്തതും കോൺഗ്രസ് യുഡി എഫ് നേതാക്കള്‍ തന്നെ. ലീഗ് സംസ്ഥാന ഭാരവാഹികളാരും തന്നെ ടി പി കേസ് ആയുധമാക്കി സി പി എമ്മിനെ ആക്രമിക്കാന്‍ സമയം കണ്ടെത്തിയില്ല.
യൂത്ത് ലീഗ് നേതാക്കളുടെ സാമൂഹിക മാധ്യമ പേജുകളില്‍ പോലും ടി പി കേസ് ഇടംപിടിച്ചില്ല. കെ എം ഷാജിക്കെതിരായ വിജിലന്‍സ് ഹൈക്കോടതി എഴുതിതള്ളിയപ്പോഴും പ്രതികരിക്കാന്‍ ലീഗ് നേതൃത്വം വൈകിയിരുന്നു. സി പി എമ്മിനോട് ലീഗിലെ ഒരു വിഭാഗം നേതൃത്വം തുടരുന്ന മൃദുസമീപനത്തിന്റെ തുടർച്ചയായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്.