'രാഹുൽ ഗാന്ധി യൂസുഫ് നബിയാണെന്നാണ് മുസ്‌ലിം ലീഗ് പറയുന്നത്': കെ.ടി ജലീൽ

''പണ്ടൊരു തെരഞ്ഞെടുപ്പ് കാലത്ത് മുസ്‌ലിം ലീഗിന്റെ സുഹൃത്തുക്കൾ പറഞ്ഞത് ആന്റണി, ഇബ്രാഹിം നബിയുടെ പരമ്പരയിൽപെട്ടയാളാണെന്നാണ്. എന്നാൽ ഇപ്പോൾ പറയുന്നത് രാഹുൽ ഗാന്ധി യൂസുഫ് നബിയാണെന്നാണ്''

Update: 2024-07-02 17:36 GMT
Editor : rishad | By : Web Desk
Advertising

തിരുവനന്തപുരം: മുസ്‌ലിം ലീഗുകാര്‍ വല്ലാത്ത ആവേശത്തോടെ കോൺഗ്രസിനെ പിന്തുണക്കേണ്ടെന്ന് കെ.ടി ജലീല്‍. ആ സ്‌നേഹവും ആവേശവുമൊന്നും കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് നിങ്ങൾക്ക് കിട്ടിയെന്ന് വരില്ലെന്നും കെ.ടി ജലീല്‍ പറഞ്ഞു. നിയമസഭയിലായിരുന്നു  രാഹുല്‍ഗാന്ധിക്കെതിരെയും ലീഗിനെതിരെയുമുള്ള കെ.ടി ജലീലിന്റെ വിമര്‍ശനങ്ങള്‍.

''മുസ്‌ലിം ലീഗ് അംഗങ്ങള്‍ വലിയ ആവേശത്തില്‍ കോണ്‍ഗ്രസിന്റെ കൂടെക്കൂടി വാദിക്കേണ്ട. യു.പിയില്‍ അഞ്ച് സമാജ് വാദി പാര്‍ട്ടി എം.എല്‍.എമാര്‍ ജയിലിലാണ്. കോണ്‍ഗ്രസ് മിണ്ടിയിട്ടില്ല. നിങ്ങള്‍ ജയിലില്‍ പോയാല്‍ വാദിക്കാന്‍ ഇടതുപക്ഷമേ കാണൂ. ലീഗ് എം.എല്‍.എമാര്‍ വലിയ ആവേശം കൊള്ളേണ്ട. പണ്ടൊരു തെരഞ്ഞെടുപ്പ് കാലത്ത് മുസ്‌ലിം ലീഗിന്റെ സുഹൃത്തുക്കൾ പറഞ്ഞത് ആന്റണി, ഇബ്രാഹിം നബിയുടെ പരമ്പരയിൽപെട്ടയാളാണെന്നാണ്. എന്നാൽ ഇപ്പോൾ പറയുന്നത് രാഹുൽ ഗാന്ധി യൂസുഫ് നബിയാണെന്നാണ്''- ജലീല്‍ പറഞ്ഞു. 

കോൺഗ്രസിന് ആർ.എസ്.എസിനോട് രണ്ട് സമീപനമാണ്. ആർ.എസ്.എസിനെതിരെ കോൺഗ്രസിന്റെ കൈപത്തി എന്നെങ്കിലും ഉയർത്തിയിട്ടുണ്ടോ. തമാശക്കെങ്കിലും ചെയ്തിട്ടില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട എത്ര കോണ്‍ഗ്രസ് എംഎല്‍എമാരുണ്ടെന്ന് ചോദിച്ച ജലീല്‍, കശ്മീര്‍ വിഷയത്തില്‍, പൗരത്വ രജിസ്റ്ററിനെതിരെ പോസ്റ്റിട്ട എത്ര പേരുണ്ട്, ഒന്ന് എഴുന്നേറ്റ് നില്‍ക്കാമോ എന്നും ചോദിച്ചു.

''ലോക്സഭയിലെ പ്രസംഗത്തില്‍ സി.എ.എ എന്നൊരു വാക്ക് രാഹുല്‍ ഗാന്ധി ഉപയോഗിച്ചോ. ഇന്ത്യയിലെ ഒരു വിഭാഗം ഒരുപാട് വേദനിക്കുന്ന ഒരു വിഷയത്തെക്കുറിച്ച് മിണ്ടിയില്ല. പൗരത്വ രജിസ്റ്ററിനെ കുറിച്ച് രാഹുല്‍ ഗാന്ധി സംസാരിച്ചോ. ഇതൊന്നും വലിയ വിഷയമായി രാഹുല്‍ ഗാന്ധിക്ക് തോന്നിയിട്ടില്ല. രാജ്യത്തെ ഒരു വലിയ ജനവിഭാഗത്തിന്റെ ആശങ്കകള്‍ എന്തുകൊണ്ട് മിണ്ടിയില്ല. കോണ്‍ഗ്രസ് ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തെ എതിര്‍ത്തിട്ടില്ല. സവര്‍ക്കറെ സംബന്ധിച്ച് ഒന്നും കോണ്‍ഗ്രസ് ഉരിയാടാത്തത്''- ജലീല്‍ ചോദിച്ചു. 



Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News