മുട്ടിൽ മരംമുറി; ആരോപണ വിധേയനായ ഉദ്യോഗസ്ഥനും വനം മന്ത്രിയും ഒരു വേദിയിൽ
വന മഹോത്സവം ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി എ.കെ ശശീന്ദ്രൻ എന്‍.ടി സാജനൊപ്പം പങ്കെടുത്തത്.
മുട്ടിൽ മരംമുറിക്കേസിലെ ആരോപണ വിധേയനായ ഉദ്യോഗസ്ഥനും വനം മന്ത്രിയും ഒരു വേദിയിൽ. വന മഹോത്സവം ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി എ.കെ ശശീന്ദ്രൻ എന്‍.ടി സാജനൊപ്പം പങ്കെടുത്തത്. മരംകൊള്ള അട്ടിമറിക്കാൻ ഇടപെട്ടുവെന്ന് വനം വകുപ്പ് തന്നെ കണ്ടെത്തിയ ഉദ്യോഗസ്ഥനാണ് ഡെപ്യൂട്ടി കൺസർവേറ്റർ എന്‍.ടി സാജൻ. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എയും ചടങ്ങിൽ പങ്കെടുത്തിരുന്നു.
മുട്ടില്‍ മരംമുറി കേസ് നിലവില്‍ അന്വേഷണഘട്ടത്തിലാണ്. വനം വകുപ്പിന്‍റെ അന്വേഷണം ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു. കേസില്‍ പങ്കുണ്ടെങ്കില്‍ ആരായാലും ശിക്ഷിക്കപ്പെടും. എന്‍.ടി സാജന്‍ ഇപ്പോള്‍ ഉത്തരവാദിത്വപ്പെട്ട ഒരു ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കുംവരെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താനാവില്ലെന്നുമാണ് മന്ത്രി എകെ ശശീന്ദ്രന്‍റെ പ്രതികരണം. മന്ത്രിക്കൊപ്പം ഒരു ചടങ്ങില്‍ പങ്കെടുത്തത് കുറ്റവാളിക്ക് രക്ഷപ്പെടാനുള്ള കവചമായി കാണുന്നവര്‍ നിരാശരാകേണ്ടിവരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സി.സി.എഫി.ന്‍റെ അന്വേഷണ റിപ്പോർട്ടിൽ വനം കൺസർവേറ്റർ എൻ.ടി. സാജൻ അടക്കമുള്ള ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. വനംമാഫിയക്കായി വഴിവിട്ട സഹായങ്ങൾ ചെയ്തുനൽകുകയും കേസന്വേഷണം ശരിയായി നടത്തിയ ഉദ്യോഗസ്ഥർക്കുനേരെ നടപടിയെടുക്കാന്‍ ശ്രമിച്ചുവെന്നുമായിരുന്നു എൻ.ടി. സാജനെതിരായ കണ്ടെത്തല്‍.
എന്‍.ടി സാജനെതിരെ നടപടിയെടുക്കാത്തതിനു കാരണം വനം മന്ത്രിയാണെന്ന തരത്തില്‍ പ്രതിപക്ഷം നേരത്തെ ആരോപണമുന്നയിച്ചിരുന്നു. വനംവകുപ്പ് മന്ത്രിയായി എ.കെ ശശീന്ദ്രന്‍ ചുമതലയേറ്റതിനു പിന്നാലെ കോഴിക്കോടെത്തിയപ്പോള്‍ ആദ്യം കണ്ട ഉദ്യോഗസ്ഥരില്‍ ഒരാള്‍ കൂടിയാണ് എന്‍.ടി സാജന്‍. നിലവില്‍ ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി. എസ്. ശ്രീജിത്ത് ഐ.പി.എസിന്‍റെ നേതൃത്വത്തില്‍ ഉന്നത തല അന്വേഷണം സാജനെതിരെ നടക്കുന്നുണ്ട്.