രൺജിത്ത് ശ്രീനിവാസൻ കേസിലെ വിധി ആശ്ചര്യപ്പെടുത്തുന്നത്; സർക്കാർ വിവേചനപരമായ നിലപാട് സ്വീകരിച്ചു: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
വിചാരണക്ക് വിധേയരായ എല്ലാവരെയും തൂക്കിലേറ്റാൻ വിധിച്ചത് അപൂർവ സംഭവമാണെന്നും ഇക്കാര്യത്തിൽ കോടതിയുടെ ഭാഗത്തുനിന്ന് അശ്രദ്ധയുണ്ടായെന്നും അഷ്‌റഫ് മൗലവി പറഞ്ഞു.
കൊച്ചി: ബി.ജെ.പി നേതാവ് രൺജിത്ത് ശ്രീനിവാസൻ കൊലപാതകക്കേസിലെ വിധി ആശ്ചര്യപ്പെടുത്തുന്നതാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഇത്തരമൊരു വിധി അപൂർവമാണ്. വിചാരണക്ക് വിധേയരായ എല്ലാവരെയും തൂക്കിലേറ്റാൻ വിധിച്ചത് അപൂർവ സംഭവമാണ്. ഇക്കാര്യത്തിൽ കോടതിയുടെ ഭാഗത്തുനിന്ന് അശ്രദ്ധയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
കേസിൽ സംസ്ഥാന സർക്കാർ വിവേചനപരമായ നിലപാടാണ് സ്വീകരിച്ചതെന്ന് അഷ്‌റഫ് മൗലവി ആരോപിച്ചു. സംസ്ഥാന സർക്കാർ ആർ.എസ്.എസ് തീരുമാനിച്ചപോലെ അന്വേഷണ ഉദ്യോഗസ്ഥരെയും പ്രോസിക്യൂട്ടറെയും നിശ്ചയിച്ചു. ഒരുപോലെ നടന്ന രണ്ട് സംഭവങ്ങളിൽ രണ്ട് സമീപനം സ്വീകരിക്കുന്നത് ജുഡീഷ്യറി ശ്രദ്ധിക്കണമായിരുന്നു. ഷാൻ വധക്കേസിൽ കടുത്ത വിവേചനമാണ് സർക്കാർ കാണിച്ചത്. പ്രതിപ്പട്ടിക പോലും പൂർണമായി കോടതിയിൽ സമർപ്പിച്ചില്ല. പരിഹരിക്കാൻ പറ്റാത്ത വിവേചനമാണിത്. ജുഡീഷ്യറിയും വിവേചനപരമായ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.