യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ്; മൂവാറ്റുപുഴ സ്വദേശിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു
മൂവാറ്റുപുഴ സ്വദേശി ജുവൈസ് മുഹമ്മദിന്റെ പരാതിയിലാണ് കേസെടുത്തത്
കൊച്ചി: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ ഐഡി കാർഡ് ചമച്ച സംഭവത്തിൽ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു. മൂവാറ്റുപുഴ സ്വദേശി ജുവൈസ് മുഹമ്മദിന്റെ പരാതിയിലാണ് കേസ്. പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ലെന്ന് പരാതിക്കാരൻ ആരോപിച്ചിരുന്നു. ഇതിനെ തുടർന്ന് ഇയാൾ കോടതിയെ സമീപിക്കുകയും കോടതിയുടെ നിർദേശപ്രകാരം പൊലീസ് കേസെടുക്കുകയുമായിരുന്നു.
വ്യാജ രേഖ ചമച്ചതിനും വഞ്ചനാ കുറ്റത്തിനുമാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തത്. അതുകൊണ്ട് തന്നെ തുടർ നടപടിയിലേക്ക് പൊലീസ് ഉടൻ തന്നെ കടന്നേക്കും. വ്യാജ ഐഡി കാർഡ് ചമച്ചതുമായി ബന്ധപ്പെട്ട കേസ് മുവാറ്റുപുഴ സെഷൻ കോടതിയുടെ പരിഗണനിയിലാണ്. വ്യാജരേഖ ചമച്ചതിന് നടപടിയെടുക്കണം, യുത്ത് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ മുഴുവനായി റദ്ദാക്കണം എന്നീ കാര്യങ്ങളാണ് ഹരജിയിൽ ഉന്നയിക്കുന്നത്.
ഹരിജിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, റിട്ടേണിംഗ് ഓഫീസർ എന്നിവരടക്കമുള്ളവർക്ക് കോടതി നോട്ടീസയച്ചിരുന്നു. ജനുവരി നാലിലേക്ക് കേസ് മാറ്റിയിട്ടുണ്ട്. തന്റെ പേരിൽ വ്യാജ രേഖയുണ്ടാക്കുകയും താൻ അറിയാതെ അതിൽ വോട്ട് രേഖപ്പെടുത്തുകയും ചെയ്തുവെന്നതാണ് പരാതിക്കാരന്റെ പ്രധാന ആരോപണം. ഇതിൽ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.