വിഭാഗീയത വെച്ചുപൊറുപ്പിക്കില്ല, എല്ലായിടത്തും നടപടി സ്വീകരിക്കും: എം.വി ഗോവിന്ദൻ
തെറ്റായ പ്രവണത വെച്ചുപൊറുപ്പിക്കില്ല എന്ന സന്ദേശമാണ് പാർട്ടി നൽകിയത്. അതിനെ പാർട്ടി വിരുദ്ധമാക്കുന്നതിനുള്ള പ്രചാരവേലയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: പാർട്ടിയിൽ വിഭാഗീയത വെച്ചുപൊറുപ്പിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തെറ്റായ കാര്യങ്ങൾ ഉണ്ടായപ്പോൾ പാർട്ടി കർശന നിലപാട് സ്വീകരിച്ചു. ഇത് അപമാനകരമായ നിലപാടല്ല. മാധ്യമങ്ങൾക്ക് മാത്രമാണ് ഇത് അപമാനകരമായ നിലപാടായി തോന്നുന്നത്. തെറ്റായ പ്രവണത വെച്ചുപൊറുപ്പിക്കില്ല എന്ന സന്ദേശമാണ് പാർട്ടി നൽകിയത്. അതിനെ പാർട്ടി വിരുദ്ധമാക്കുന്നതിനുള്ള പ്രചാരവേലയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്‌നങ്ങളെ കൃത്യമായ നിലപാട് സ്വീകരിച്ച് പാർട്ടി കൈകാര്യം ചെയ്യും. എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷം മാത്രമേ കരുനാഗപ്പള്ളിയിൽ സമ്മേളനം പൂർത്തിയാക്കൂ. പാർട്ടി ആരെയും സംരക്ഷിക്കില്ല. എല്ലായിടത്തും പാർട്ടി ഇടപെട്ട് നടപടി സ്വീകരിക്കും. ഒരു തരത്തിലും കോംപ്രമൈസ് ചെയ്യില്ല. കോൺഗ്രസിന്റെ രീതിയല്ല സിപിഎമ്മിന്റേത്. ധീരജിനെ കൊന്നവരെ സംരക്ഷിച്ച പാർട്ടിയാണ് കോൺഗ്രസ്. എല്ലാ ഘടകങ്ങളുമായും പാർട്ടി ബന്ധപ്പെടുന്നുണ്ട്. തെറ്റായ പ്രവണതയെ ഫലപ്രദമായി നേരിടുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.