'കാണുന്നവർക്കെല്ലാം മെമ്പർഷിപ്പ് കൊടുക്കുക, ബ്രാഞ്ച് സെക്രട്ടറിയാക്കുക, അതിന്റെയൊക്കെ പേരുദോഷം സിപിഎമ്മിന് കേൾക്കേണ്ടിവരുന്നു'; എം.വി.ഗോവിന്ദൻ
നരബലിക്കേസിൽ പ്രതിയായ ഭഗവൽ സിങ് സി.പി.എം പ്രവര്‍ത്തകനാണെന്ന രീതിയിലുള്ള പ്രചാരണം നേരത്തെ ഉയർന്നിരുന്നു
വടക്കാഞ്ചേരി: കാണുന്നവർക്കെല്ലാം മെമ്പർഷിപ്പ് കൊടുക്കുന്നതിന്റെ ദൂഷ്യഫലമാണ് സിപിഎം നേരിടുന്നതെന്ന് സം സ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. അന്ധവിശ്വാസത്തിലേക്കും അസംബന്ധങ്ങളിലേക്കും പാർട്ടിമെമ്പർമാർ നീങ്ങുന്നുണ്ടെന്നും എം.വി ഗോവിന്ദൻ വിമർശിച്ചു. വടക്കഞ്ചേരി ഇംഎംഎസ് പഠനകേന്ദ്രത്തിന്റെ ഉദ്ഘാടന സദസ്സിലായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ വിമർശനം.
'കാണുന്നവർക്കെല്ലാം മെമ്പർഷിപ്പ് കൊടുക്കുക. ചിലപ്പൊ ബ്രാഞ്ച് സെക്രട്ടറിയാക്കുക, ചിലപ്പോൾ ലോക്കൽകമ്മറ്റിമെമ്പറാക്കുക. എന്നിട്ട് സാമൂഹിക ജീവിതത്തിന്റെ അർഥശാസ്ത്രത്തിന്റെ ഒരു അംശംപോലും സ്വയം ജീവിതത്തിൽ പകർത്താതിരിക്കുക. ശുദ്ധ അസംബന്ധത്തിലേക്കും അന്ധവിശ്വാസത്തിലേക്കും തെറ്റായ നിലപാടിലേക്ക് വഴുതിമാറുകയും ചെയ്യുകയുമാണെന്നും അദ്ദേഹം പറഞ്ഞു.
' അതെല്ലാം പിന്നീട് കമ്മ്യൂണിസ്റ്റാണ്, പാർട്ടി അംഗമാണ് എന്ന പേരുദോഷം കേൾക്കാനിടയാക്കുക ഇതെല്ലാം നമ്മുടെ സമൂഹത്തിന്റെ ഭാഗമായി നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്,കേട്ടുകൊണ്ടിരിക്കുകയാണെന്നുമായിരുന്നു എം.വി ഗോവിന്ദന്റെ വിമർശനം. പത്തനംതിട്ട ഇലന്തൂരിലെ നരബലിക്കേസിൽ പ്രതിയായ ഭഗവൽ സിങ് സി.പി.എം സി.പി.എം പ്രവര്‍ത്തകനാണെന്ന രീതിയിൽ പ്രചാരണം നേരത്തെ ഉയർന്നിരുന്നു. എന്നാല്‍ ഇതിനെ നിഷേധിച്ച് സി.പി.എം തന്നെ രംഗത്തെത്തിയിരുന്നു. അയാള്‍ സി.പി.എം അനുഭാവി മാത്രമാണെന്നായിരുന്നു പത്തനംതിട്ട ഏരിയാകമ്മിറ്റിയടക്കം വ്യക്തമാക്കിയിരുന്നത്. ഇതിന്റെ കൂടി പശ്ചാത്തലത്തില്‍ കൂടിയാണ് സി.പി.എം സംസ്ഥാനസെക്രട്ടറിയുടെ വിമർശനം.